കൊല്ലം: ജില്ലയിൽ നിന്ന് തുടച്ചുനീക്കിയ രോഗങ്ങൾ ഉൾപ്പടെയുള്ള പർച്ചവ്യാധികൾ വീണ്ടും തലപൊക്കുന്നു. കഴിഞ്ഞ മാസം മാത്രം 17117പേരാണ് വിവിധ ആശുപത്രികളിൽ പകർച്ചപ്പനികൾക്ക് ചികിത്സ തേടിയത്.
എലിപ്പനി ബാധിച്ച് ഏഴ്, എച്ച്.വൺ എൻ.വൺ ബാധിച്ച് 2, ചിക്കൻ പോക്സ് ബാധിച്ച് 2, മറ്റ് പനികൾ ബാധിച്ച് അഞ്ചുപേർ എന്നിങ്ങനെ 16 പേർക്കാണ് ജീവൻ നഷ്ടമായത്. ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, ചിക്കൻപോക്‌സ്, ചെള്ളുപനി, എച്ച്.വൺ എൻ.വൺ, മഞ്ഞപ്പിത്തം, ഷിഗല്ല ഉൾപ്പടെയുള്ള രോഗങ്ങളാണ് കൂടുതലായി റിപ്പോർട്ട് ചെയ്തത്.
268 പേർ കഴിഞ്ഞ മാസം പകർച്ചപ്പനി ബാധിച്ച് കിടത്തിചികിത്സ തേടി. മുൻ മൺസൂൺ കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതിനാൽ പ്രതിരോധം ഊർജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ മാസം നാല് ദിവസമൊഴികെ മറ്റ് ദിവസങ്ങളിൽ ചികിത്സ തേടിയവരുടെ എണ്ണം 500ന് മുകളിലാണ്.
ഇടവിട്ട് പെയ്യുന്ന മഴയും ദേശീയപാത നിർമ്മാണത്തിനെടുത്ത കുഴിയിൽ കെട്ടിക്കിടക്കുന്ന വെള്ളവുമാണ് ഡെങ്കിപ്പനി സാദ്ധ്യത വർദ്ധിപ്പിച്ചത്. പ്രതിരോധത്തിനായി ഫോഗിംഗ്, ഡ്രൈഡേ ആചരിക്കൽ എന്നിവയാണ് ഇപ്പോൾ നടന്നുവരുന്നത്
ഡെങ്കി ബാധിതരിൽ വർദ്ധന
സംസ്ഥാന തല ഡെങ്കിപ്പനി ബാധിതരിൽ കഴിഞ്ഞ മാസം നാല് തവണ ജില്ല ഒന്നാമത്
ജൂലായ് 10,11,16,19, 21, 28 തീയതികളാലാണ് ജില്ല മുന്നിലെത്തിയത്
ജൂലായ് 8, 13, 14, 18, 26, 29 തീയതികൾ രണ്ടാമത്തെ ജില്ലയായി
കഴിഞ്ഞ മാസം ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത് 1453 പേർ
രോഗം സ്ഥിരീകരിച്ചത് 659 പേർക്ക്
കഴിഞ്ഞ 10നാണ് ഏറ്റവും അധികം പേർക്ക് രോഗം ബാധിച്ചത്
ഹോട്ട് സ്പോട്ടുകൾ
കിളികൊല്ലൂർ
ശൂരനാട്
ശക്തികുളങ്ങര
പകർച്ചപ്പനി വർദ്ധിക്കുന്നതിനാൽ പ്രതിരോധം ഊർജ്ജിതമാക്കി. ഇത് സംബന്ധിച്ച് 8ന് യോഗം ചേരും. ബ്ലോക്ക് ഓഫീസർമാർ റിപ്പോർട്ട് നൽകും.
ആരോഗ്യവകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |