കൊല്ലം: സൗമ്യൻ, പ്രഭാഷകൻ, അദ്ധ്യാപകൻ, ഇടതുപക്ഷചിന്തകൻ തുടങ്ങി പ്രൊഫ. പ്രയാർ പ്രഭാകരന് വിശേഷണങ്ങൾ ഏറെയാണ്. മലയാള ഭാഷയെയും സാഹിത്യത്തെയും ഇടതുപക്ഷ ആശയങ്ങളെയും അവസാനം വരെയും നെഞ്ചോട് ചേർത്ത അദ്ദേഹം നവഭാവുകത്വമുള്ള സാഹിത്യവിമർശനത്തിലൂടെ മലയാള സാഹിത്യലോകത്ത് ചിരപ്രതിഷ്‌ഠ നേടിയ പ്രതിഭയാണ്. സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യമുള്ള ഇദ്ദേഹത്തിന് ഭാരതീയ ദർശനങ്ങളെയും ഇതിഹാസപുരാണങ്ങളെയും മാക്സിയൻ കാഴ്ചപ്പാടോടെ വ്യാഖ്യാനിക്കാൻ സാധിച്ചു. ഇതിലൂടെ ഭാരതീയ തത്വചിന്തകളെ പുഷ്ടിപ്പെടുത്താനും പ്രചരിപ്പിക്കാനും അദ്ദേഹത്തിനു സാധിച്ചു. ജോസഫ് മുണ്ടശേരിയുടെ ' നാടകാന്തം കവിത്വം ' എന്ന ഗ്രന്ഥത്തെ നിരൂപണപഠനം നടത്തിക്കൊണ്ടാണ് അദ്ദേഹം നിരൂപണ രചനാരംഗത്തേക്ക് പ്രവേശിച്ചത്. ഇത് അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ സാഹിത്യത്തോടും ഭാഷയോടും ഏറെ പ്രതിപത്തി കാണിച്ചിരുന്നു.
മാർക്‌സിസ്റ്റ്- കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന ഇം.എം.എസ് നമ്പൂതിരിപ്പാടുമായി അടുത്തബന്ധം അദ്ദേഹം പുലർത്തിയിരുന്നു. വർക്കല എസ്.എൻ കോളേജിൽ പ്രൊഫ. പ്രയാർ പ്രഭാകരൻ അദ്ധ്യാപകനായിരുന്ന കാലത്ത് ഇടതുപക്ഷ ആഭിമുഖ്യമുള്ള അദ്ധ്യപകരുടെ പ്രത്യേക സമ്മേളനത്തിൽ സംഘടിപ്പിച്ച സാഹിത്യസദസിൽ ഏറെനേരം ഇം.എം.എസിനോട് ആശയസംവാദം നടത്തി. മാർക്‌സിയൻ സാഹിത്യ സമീപനത്തെ അംഗീകരിക്കുന്നവരും എതിർക്കുന്നവരും ഒരുപോലെ വായിക്കേണ്ടതാണ് പ്രയാർ കൃതികളെന്ന് ഒരുഘട്ടത്തിൽ ഇ.എം.എസ് രേഖപ്പെടുത്തുകയും ചെയ്തു. ജീവൽസാഹിത്യ പ്രസ്ഥാനത്തിന്റെയും പുരോഗമനകലാസാഹിത്യ സംഘത്തിന്റെയും വക്താവായിരുന്നു.
കൊല്ലം എസ്.എൻ.വിമൻസ് കോളജിൽ നിന്നാണ് കോളേജ് അദ്ധ്യാപനജീവിതം അദ്ദേഹം ആരംഭിക്കുന്നത്. 1986 മാർച്ച് 31ന് കൊല്ലം എസ്എൻ കോളജിൽ നിന്നാണ് വിരമിച്ചത്. വിരമിച്ച ശേഷം ആലപ്പുഴ ബി.എഡ് കോളജിലെ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു. ചെറുപ്പം മുതലേ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് ആഭിമുഖ്യം ഉണ്ടായിരുന്നു. എ.ജി.പി നമ്പൂതിരി, ദേവികുളങ്ങര എ.ഭരതൻ എന്നിവരോടൊപ്പം പുതുപ്പള്ളി പ്രയാർ പാർട്ടി സെൽ രൂപീകരിച്ചു. സി.പി.എം ചുനക്കര ലോക്കൽ കമ്മിറ്റി അംഗമായിരുന്നപ്പോൾ ഒരു സമരത്തിൽ പങ്കെടുത്ത് നാല് ദിവസം ജയിലിൽ കിടന്ന അനുഭവവും അദ്ദേഹത്തിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |