കൊല്ലം: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ചുള്ള കാളകെട്ട് മഹോത്സവത്തിന് എഴുന്നെള്ളിച്ചതിൽ ഏറ്റവും വലിയ കെട്ടുകാളയായ കാലഭൈരവനെ വീഴ്ത്തിയത് നിർമ്മാണത്തിലെ സാങ്കേതിക തകരാർ. കെട്ടുകാളയുടെ ചട്ടവും കൈകാലുകളും തമ്മിൽ ചേരുന്ന ഭാഗത്ത് ഭാരത്തിന് ആനുപാതികമായി ഉറപ്പിക്കാഞ്ഞതാണ് മറിയാൻ കാരണമെന്നാണ് നിഗമനം.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് കാലഭൈരവൻ കെട്ടുകാള മറിഞ്ഞത്. ക്ഷേത്രത്തിന് 150 മീറ്റർ അകലെ ദേശീയപാത ഓരത്തായിരുന്നു കെട്ടുകാള നിർമ്മിച്ചത്. രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് 50 മീറ്റർ ക്ഷേത്രത്തിന് സമീപത്തേക്ക് നീക്കി കഴിഞ്ഞപ്പോഴാണ് മറിഞ്ഞത്. കെട്ടുകാളയുടെ മുന്നിലും പിന്നിലും ഭക്തരുണ്ടായിരുന്നു. എന്നാൽ ആളുകളില്ലാതിരുന്ന വശത്തേക്ക് മറിഞ്ഞതിനാൽ ആളപായമുണ്ടായില്ല.
ഞക്കനാൽ പടിഞ്ഞാറ് കരക്കാരാണ് കാലഭൈരവനെ കെട്ടിയെഴുന്നള്ളിക്കുന്നത്. 72 അടി ഉയരമുള്ള കാലഭൈരവന്റെ ശിരസിന് മാത്രം പതിനേഴ് അടി ഉയരമുണ്ട്. 25 ടൺ ഇരുമ്പും 26 ടൺ വൈക്കോലും നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. നെറ്റിപ്പട്ടത്തിന്റെ ഉയരം 32 അടിയാണ്. സാങ്കേതിക തകരാറുകൾ പരിഹരിച്ച് പൂർവാധികം ഭംഗിയായി കാലഭൈരവനെ അടുത്ത വർഷം ഓച്ചിറ പടനിലത്തേക്ക് ആനയിക്കുമെന്ന് ഞക്കനാൽ പടിഞ്ഞാറ് കര ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |