കൊല്ലം: ക്യു.എ.സി റോഡിൽ വച്ച് കല്ലുവാതുക്കൽ കാഞ്ഞിരവിള പുത്തൻവീട്ടിൽ മണികണ്ഠകുറുപ്പിനെ (57) കൊലപെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്നാട് തിരുനെൽവേലി രാഥാപുരം കാമരാജ് സ്വദേശി ആക്രി രാജ എന്ന വിളിപ്പേരുള്ള മേഘനാഥനെയാണ് (62) പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി.ഗോപകുമാർ ശിക്ഷിച്ചത്.
2020 ഡിസംബർ 20ന് ഉച്ചയ്ക്ക് 2.30നായിരുന്നു കൊലപാതകം. ക്യു.എ.സി റോഡിൽ മണികണ്ഠകുറുപ്പും മേഘനാഥനും സ്ഥിരമായി വിശ്രമിക്കുമായിരുന്നു. സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതി വാങ്ങി വയ്ക്കാഞ്ഞതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിന്റെ വൈരാഗ്യത്തിൽ മേഘനാഥൻ തന്റെ കൈവശമുണ്ടായിരുന്ന കത്തിക്ക് മണികണ്ഠകുറുപ്പിന്റെ നെഞ്ചത്ത് കുത്തി ആഴത്തിൽ മുറിവേൽപ്പിച്ചു. സ്ഥലത്തെത്തിയ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായിരുന്ന ദിൽജിത്ത് മണികണ്ഠകുറുപ്പിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കേസിൽ പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകളും നാല് തൊണ്ടിമുതലും ഹാജരാക്കി. കൊല്ലം ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന എ.നിസാർ അന്വേഷിച്ച് പൂർത്തീകരിച്ച കേസിൽ സർക്കിൾ ഇൻസ്പെക്ടർ ബി.എം.ഷാഫിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആർ.സേതുനാഥ് , അഡ്വ. മിലൻ.എം.മാത്യു, അഡ്വ. പി.ബി.സുനിൽ, അഡ്വ. ബി.ആമിന, ഇൻസ്‌പെക്ടർ ആർ.പ്രദീപ് കുമാർ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |