കൊല്ലം: അവശ്യസർവ്വീസായ പാലിന്റെ വിതരണം മുടങ്ങും വിധം മിന്നൽ പണിമുടക്ക് നടത്തില്ലെന്ന് മിൽമ കൊല്ലം ഡയറിയിലെ കോൺട്രാക്ട് ലോറിത്തൊഴിലാളികളുടെ യൂണിയൻ നേതാക്കൾ ജില്ലാ ലേബർ ഓഫീസറുമായി കരാറൊപ്പിട്ടു. ഏഴ് ദിവസം മുൻപ് നോട്ടീസ് നൽകിയ ശേഷമേ പണിമുടക്കിലേക്ക് നീങ്ങുകയുള്ളൂവെന്നാണ് കരാർ.
ലോറിത്തൊഴിലാളികൾക്കെതിര സാമ്പത്തിക അപഹരണത്തിന് മിൽമ പൊലീസിന് നൽകിയ പരാതി പിൻവലിക്കുക, ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മാറ്റിനിറുത്തിയ തൊഴിലാളികളെ ജോലിക്ക് കയറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം കൊല്ലം ഡയറിയിലെ ബി.എം.എസ്, സി.ഐ.ടി.യു യൂണിയനുകളുടെ നേതൃത്വത്തിൽ പണിമുടക്കിയിരുന്നു. രാവിലെ 11നുള്ള ഷിഫ്റ്റിലെ പാൽ വിതരണം മുടക്കിയായിരുന്നു സമരം. ഇതോടെ 75,000 ലിറ്റർ പാലിന്റെ വിതരണം മുടങ്ങി. ഇതോടെ മിൽമ അധികൃതർ കളക്ടറെ സമീപിച്ചു. കളക്ടറുടെ നിർദ്ദേശ പ്രകാരം ലേബർ ഓഫീസർ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തിയാണ് പുതിയ ധാരണയുണ്ടാക്കിയത്.
ഏജന്റുമാരിൽ നിന്നു വാങ്ങിയ ശേഷം കൊല്ലം ഡയറിയിൽ അടയ്ക്കാതെ അപഹരിച്ച പണവും പിഴയും അടച്ചാൽ കേസ് പിൻവലിക്കാമെന്നാണ് മിൽമ കൊല്ലം ഡയറി അധികൃതരുടെ നിലപാട്. 28ന് ജില്ലയിൽ നിന്നുള്ള മിൽമ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി ക്രമക്കേട് നടത്തിയവരെ ജോലിയിൽ തിരിച്ച് കയറ്റണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |