അർഹമായ വേതനമില്ലാതെ സ്കൂൾ പാചകത്തൊഴിലാളികൾ
കൊല്ലം: 'വയ്യ, കറിക്കരിഞ്ഞും മണിക്കൂറുകൾ നിന്നും കൈയും കാലുമെല്ലാം വേദനയാ... ചെയ്യുന്ന ജോലിക്കുള്ള ശമ്പളം മുടങ്ങാതെ കിട്ടിയാൽ കുറച്ചെങ്കിലും ആശ്വാസം ആയേനെ.ഇതിപ്പോ അതുമില്ല. പട്ടിണി മാത്രം ബാക്കി...'- സംസാരത്തിനിടയിലും, ഉച്ചയ്ക്ക് കൃത്യം 12.30ന് കുട്ടികൾക്ക് ചോറുകൊടുക്കണമെന്ന് പറഞ്ഞ് രാധാമണി ജോലി നിറുത്തിയില്ല.
കൊല്ലം നഗരത്തിലെ ഒരു സ്കൂളിലെ പാചകത്തൊഴിലാളിയാണ് രാധാമണി. കടം വാങ്ങിയും മറ്റുമാണ് താമസിക്കുന്ന വീടിന്റെ വാടക കൊടുക്കുന്നത്. അതിരാവിലെ സ്‌കൂളിലെത്തി ഉച്ചഭക്ഷണം തയ്യാറാക്കി വിദ്യാർത്ഥികൾക്ക് നൽകി അടുത്തദിവസത്തേക്ക് കറിക്കുള്ള പച്ചക്കറികൾ അരിഞ്ഞുവച്ച് വൈകുന്നേരമാണ് വീട്ടിലെത്തുന്നത്. മാസംതോറും സമരം ചെയ്താൽ മാത്രമേ അർഹതപ്പെട്ട ശമ്പളം ലഭിക്കൂവെന്ന അവസ്ഥയിലൂടെയാണ് രാധാമണി ഉൾപ്പെടെയുള്ള പാചകത്തൊഴിലാളികൾ കടന്നുപോകുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം കഴിയാറായിട്ടും വിതരണം ചെയ്തിട്ടില്ല. കേന്ദ്രവിഹിതം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് മൂന്ന് മാസമായി സ്‌കൂൾ പാചക തൊഴിലാളികളുടെ വേതനത്തിൽ നിന്ന് ആയിരംരൂപ വീതം സർക്കാർ കുറവ് വരുത്തിയിരുന്നു.
പണിക്ക് കുറവില്ല
പ്രതിദിനം ഒരു തൊഴിലാളിക്ക് 600 രൂപയാണ് കൂലി. 500 കുട്ടികൾക്ക് ഒരു തൊഴിലാളി എന്നതാണ് സർക്കാർ കണക്ക്. ഇത്രയും കുട്ടികളുണ്ടാകുമ്പോൾ സഹായികൾ ആവശ്യമായി വരും. എന്നാൽ സഹായികൾക്കുള്ള പ്രതിഫലം തൊഴിലാളികൾ സ്വന്തം കൈയിൽ നിന്ന് കൊടുക്കണം. ഇതോടെ കിട്ടുന്ന 600 രൂപ 300 ആയി ചുരുങ്ങും. മുൻപൊക്കെ ഉച്ചക്കഞ്ഞിയും ഒരു കറിയും മാത്രം ഉണ്ടാക്കിയാൽ മതിയായിരുന്നു. ഇപ്പോൾ രണ്ടോ മൂന്നോ കറിയടക്കം ഒരുക്കണം. മുട്ടയും പാലും വിഭവങ്ങളിൽപ്പെടും. 500 പേർക്കുള്ള മുട്ട നന്നാക്കി എടുക്കുന്നതിന് തന്നെ മണിക്കൂറുകൾ വേണം. വലിയ പാത്രങ്ങളിൽ ആഹാരം പാകം ചെയ്യുന്നതിനാൽ ഇവ കഴുകി എടുക്കാനും വലിയ ബുദ്ധിമുട്ടാണ്.
വാഗ്ദാനങ്ങൾ മാത്രം
30 വർഷത്തിലധികമായി ജോലി ചെയ്യുന്നവരാണ് മിക്ക തൊഴിലാളികളും. 60 വയസ് കഴിഞ്ഞവർ വരെ ഇക്കൂട്ടത്തിലുണ്ട്. വിരമിക്കൽ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. 2017ൽ ഡോ. ടി.എം. തോമസ് ഐസക് ധനകാര്യ മന്ത്രിയായിരുന്നപ്പോഴാണ് സ്കൂൾ പാചക തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം നൽകാമെന്ന് പറഞ്ഞത്. എന്നാൽ ഇതുവരെയും അത് നടപ്പാക്കിയിട്ടില്ല. ഇ.എസ്.ഐ, പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യം നൽകാമെന്ന വാഗ്ദാനം സംസ്ഥാന സർക്കാർ പാലിച്ചില്ല.
ആവശ്യങ്ങൾ
ദിവസ വേതനം 900 രൂപയാക്കണം
500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്നതുമാറ്റി 150 കുട്ടികൾക്ക് എന്നാക്കണം
അർഹമായ വിരമിക്കൽ ആനുകൂല്യം നൽികണം
..................................
ജില്ലയിലെ ആകെ സ്കൂൾ പാചക തൊഴിലാളികൾ: 936
ഒരുദിവസത്തെ ശമ്പളം: 600
ഉത്സവബത്ത: 1,300
അവധിക്കാല അലവൻസ്: 2,000
വേതനം കൃത്യമായി നൽകാത്തതും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതും വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. സ്‌കൂൾ പാചകത്തിൽ ഏർപ്പെടുന്നവർ ജീവനക്കാരാണോ തൊഴിലാളികളാണോ എന്ന് സർക്കാർ വ്യക്തമാക്കണം
എ. ഹബീബ് സേട്ട് , സംസ്ഥാന ജനറൽ സെക്രട്ടറി, സ്‌കൂൾ പാചക തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |