രണ്ട് മാസത്തിനിടെ പിടിച്ചെടുത്തത് അഞ്ച് ലോറികൾ
കൊല്ലം: അഷ്ടമുടിക്കായൽ അടക്കമുള്ള നഗരത്തിലെ ജലാശയങ്ങൾ മലിനമാക്കുന്നതിനൊപ്പം രാത്രിയിൽ ചീറിപ്പാഞ്ഞ് നാട് വിറപ്പിക്കുകയാണ് കക്കൂസ് മാലിന്യ മാഫിയ. പൊലീസിന്റെ കണ്ണിൽപ്പെടാതിരിക്കാൻ, നഗരത്തിലെ ഇടുങ്ങിയ റോഡുകളിലൂടെ മറ്റ് വാഹനയാത്രക്കാരെ അപകടത്തിലാക്കുന്ന തരത്തിലാണ് കക്കൂസ് മാലിന്യ ടാങ്കർ ലോറികളുടെ സഞ്ചാരം.
അടിപിടി കേസുകളിലെ സ്ഥിരം പ്രതികളാണ് ഈ ടാങ്കർ ലോറികൾ ഓടിക്കുന്നവരിൽ ഭൂരിഭാഗവും. മദ്യം അടക്കമുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ച ശേഷമാണ് ഇവർ മാലിന്യം കടത്തുന്നതെന്ന് പൊലീസ് പറയുന്നു. അമിതവേഗവും ഗതാഗത നിയമലംഘനവും ചോദ്യം ചെയ്യുന്നവരെ ആക്രമിക്കാൻ ശ്രമിക്കുന്നതും പതിവാണ്. കക്കൂസ് മാലിന്യവുമായി പോകുന്ന ലോറിക്ക് മുന്നിൽ രണ്ട് ബൈക്കുകൾ സഞ്ചരിച്ച് പൊലീസോ നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരോ ഇല്ലെന്ന് ഉറപ്പാക്കും. പിടിയിലായാൽ വൻസംഘമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടും. കക്കൂസ് മാലിന്യം കടത്തവേ, രണ്ട് മാസത്തിനിടെ അഞ്ച് ലോറികൾ ഈസ്റ്റ് പൊലീസ് പിടിച്ചെടുത്തിരുന്നു.
ഒരു ലോഡിന് 15,000 രൂപ
ലോഡിന് 15,000 രൂപ വരെ വാങ്ങിയാണ് ഇവർ വീടുകളിൽ നിന്നും കക്കൂസ് മാലിന്യം ശേഖരിക്കുന്നത്. ഫ്ലാറ്റുകളിൽ നിന്ന് ഇതിന്റെ മൂന്നിരട്ടി വരെ വാങ്ങും. തമിഴ്നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് പറഞ്ഞാണ് കൊണ്ടുപോകുന്നത്. രാത്രി വൻശക്തിയുള്ള മോട്ടോറുകൾ ഉപയോഗിച്ച് പതിനഞ്ച് മിനിട്ടിനകം സെപ്ടിക് ടാങ്കുകളിൽ നിന്ന് ടാങ്കർ ലോറിയിലേക്ക് കയറ്റും. കൂറ്റൻ പൈപ്പ് ഉപയോഗിച്ച് മാലിന്യം അഞ്ച് മിനിട്ടിനകം ജലാശയത്തിൽ ഒഴുക്കും. ചിന്നക്കട ആശ്രാമം റോഡിന്റെ വക്കിൽ അഷ്ടമുടിക്കായലിലേക്കുള്ള ചെറുതോട്ടിലാണ് ഇവർ പ്രധാനമായും തള്ളുന്നത്.
കക്കൂസ് ടാങ്കർ ഇടിച്ച്
മതിലും കാറും തകർന്നു
കൊല്ലം: കക്കൂസ് മാലിന്യം ഒഴുക്കിയ ശേഷം പായുകയായിരുന്ന ടാങ്കർ ലോറി ഇടിച്ചുകയറി ചിന്നക്കട ശങ്കർ നഗറിൽ വീടിന്റെ മതിലും കാറും തകർന്നു. കെ.എസ്.ഇ.ബി റിട്ട. സൂപ്രണ്ട് നെൽസൺ ആബ്രോസിന്റെ വീടിന്റെ ചുറ്റുമതിലും ഗേറ്റും കാറുമാണ് തകർന്നത്. ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു സംഭവം. ലോറിയിടിച്ച് മതിൽ തകർന്ന് വീണാണ് കാറിന് കേടുപാടുണ്ടായത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങും മുൻപ് ഡ്രൈവർ രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലം ഈസ്റ്റ് പൊലീസ് ലോറി കസ്റ്റഡിയിലെടുത്തു. ലോറിയിൽ കക്കൂസ് മാലിന്യത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നതായി ഈസ്റ്റ് പൊലീസ് പറഞ്ഞു. ഡ്രൈവറെ ഇന്നലെ കസ്റ്റഡിയിലെടുത്തു.ഒരാഴ്ച മുൻപ് ശങ്കർ നഗറിലെ മറ്റൊരു വീടിന്റെ മതിൽ ഇടിച്ചുതകർത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |