കൊല്ലം: ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തുന്ന സർവേയിൽ ജില്ലയിൽ രോഗസാദ്ധ്യത ഉള്ളവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് കണ്ടെത്തൽ. രണ്ടാംഘട്ട സർവേ (ശൈലി) ആരംഭിച്ച് രണ്ടുമാസം പിന്നിടുമ്പോൾ 30 വയസിന് മുകളിലുള്ള 1.18 ലക്ഷം പേർക്കാണ് രോഗസാദ്ധ്യത കണ്ടെത്തിയത്. ഇവർക്കുള്ള തുടർ പരിശോധനകൾ പൂർത്തിയാക്കി ആവശ്യമായവർക്ക് തുടർ ചികിത്സ ഉറപ്പാക്കും.
ജീവിത ശൈലി രോഗ സാദ്ധ്യത കണ്ടെത്തിയവർ ഓരോ ആഴ്ചയിലും പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് നിർദ്ദേശം. ജില്ലയിൽ ഇതുവരെ ആകെ 2.55 ലക്ഷം പേരുടെ വിവരശേഖരണമാണ് പൂർത്തിയായത്. 12.9 ലക്ഷം പേരിൽ നടത്തിയ ഒന്നാംഘട്ട സർവ്വേയിൽ 2.49 ലക്ഷം പേർക്കാണ് ജീവിതശൈലി രോഗസാദ്ധ്യത കണ്ടെത്തിയത്.
രക്താതിമർദ്ദം (ഹൈപ്പർ ടെൻഷൻ), പ്രമേഹം എന്നിവ ഉള്ളവരുടെ എണ്ണത്തിലും സ്തനാർബുദവും ഗർഭാശയ (സെർവിക്കൽ) ക്യാൻസർ, ക്ഷയം എന്നിവ വരാൻ സാദ്ധ്യത ഉള്ളവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. 38,508 പേർക്ക് രക്താതിമർദ്ദവും 24,295 പേർക്ക് പ്രമേഹവും 17,981 പേർക്ക് പ്രമേഹത്തിനൊപ്പം രക്താതിമർദ്ദവും സ്ഥിരീകരിച്ചു. 6,401 പേർക്കാണ് വിവിധ ക്യാൻസർ വരാൻ സാദ്ധ്യതയുള്ളത്. ഇതിൽ 3,773 പേർക്കാണ് സ്തനാർബുദ സാദ്ധ്യത കണ്ടെത്തിയത്. 1,302 പേർക്ക് സെർവിക്കൽ ക്യാൻസർ സാദ്ധ്യതയും 1,326 പേർക്ക് വായിലെ (ഓറൽ) ക്യാൻസർ സാദ്ധ്യതയും കണ്ടെത്തി. ഇവരെ വിശദമായ പരിശോധനയ്ക്ക് അനുബന്ധ ആശുപത്രികളിലേക്ക് റഫർ ചെയ്തു. ക്ഷയരോഗ സാദ്ധ്യത കണ്ടെത്തിയത് 8,505 പേർക്കാണ്.
രണ്ടാംഘട്ട സർവേ പുരോഗമിക്കുന്നു
14,597 പേർക്ക് ശ്വാസകോശ സംബന്ധമായ പരിശോധന നിർദ്ദേശിച്ചിട്ടുണ്ട്. ജൂലായ് അവസാനമാണ് രണ്ടാംഘട്ട ശൈലി സർവേ ആരംഭിച്ചത്. സർവേ പുരോഗമിക്കുന്നതോടൊപ്പം തന്നെ ജനകീയ ആരോഗ്യകേന്ദ്ര ടീം അംഗങ്ങൾ സ്ക്രീനിംഗും തുടങ്ങിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ കുഷ്ഠ രോഗം, കാഴ്ചക്കുറവ്, കേൾവിക്കുറവ്, മാനസികാരോഗ്യ പ്രശ്നങ്ങൾ, വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
സർവേ ഫലപ്രദം
രോഗസാദ്ധ്യത കണ്ടെത്തിയവരുടെ ജീവിതശൈലിയിൽ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും രോഗങ്ങൾ വരാതെ നോക്കാൻ സാധിക്കും
പ്രാദേശികമായും സംസ്ഥാന തലത്തിലുമുള്ള ജിവിതശൈലി രോഗങ്ങളുടെ യഥാർത്ഥ കണക്ക് ലഭ്യമാകും
ആരോഗ്യ പദ്ധതികളുടെ ആസൂത്രണത്തിനും ചികിത്സയ്ക്കും സഹായകം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |