കൊല്ലം: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ ലഭിച്ചെങ്കിലും കാലവർഷക്കണക്കിൽ ജില്ലയിൽ മഴക്കമ്മി. കഴിഞ്ഞ ഒക്‌ടോബർ ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം മൈനസ് 29 ശതമാനം മഴക്കമ്മിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാലവർഷ കാലയളിൽ ലഭിക്കേണ്ടത് 431.6 മില്ലിമീറ്റർ മഴയാണ്. എന്നാൽ 306.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
20 മുതൽ 59 ശതമാനം വരെ മഴ കുറയുമ്പോഴാണ് മഴക്കമ്മിയായി കണക്കാക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം 50 ശതമാനത്തിലേറെ മഴ കുറവ് രേഖപ്പെടുത്തിയ ജില്ലകളുടെ കൂട്ടത്തിലാണ് കൊല്ലവും. മൺസൂൺ കാലം അവസാനിച്ച് തുലാവർഷം പെയ്ത് തുടങ്ങിയെങ്കിലും മഴക്കമ്മി മാറ്റാൻ പര്യാപ്തമായിട്ടില്ല. മൺസൂൺ കാലയളവിൽ തിരുവനന്തപുരത്തിന് മാത്രമാണ് അധിക മഴ ലഭിച്ചത്. ജില്ലയിൽ പലപ്പോഴും മഞ്ഞ അലർട്ട് (യെല്ലോ) പ്രഖ്യാപിക്കാറുണ്ടെങ്കിലും കാര്യമായ മഴ ലഭിക്കാറില്ല. മൺസൂണിന്റെ ആദ്യപകുതിയിലും മഴക്കമ്മിയിലായിരുന്നു ജില്ല.
അതേസമയം മാർച്ച് മുതൽ മേയ് വരെയുള്ള പ്രീ മൺസൂൺ കാലത്ത് 23 ശതമാനം അധികമഴ ജില്ലയിൽ ലഭിച്ചു. 434 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 535.2 മില്ലി മീറ്റർ മഴ ലഭിച്ചു. കണ്ണൂർ, ഇടുക്കി, കോഴിക്കോട്, പാലക്കാട്, വയനാട്, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് സാധാരണ അളവിൽ മഴ ലഭിച്ചത്. കൊല്ലത്തിന് പുറമേ ആലപ്പുഴ, എറണാകുളം, കോട്ടയം, കാസർകോട്, മലപ്പുറം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മഴക്കുറവ് രേഖപ്പെടുത്തിയ ജില്ലകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കൊല്ലം.
മഴ ചാറിയത് 'മൈനസിൽ"
കഴിഞ്ഞ ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 29 വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ അധികമഴ ലഭിച്ചെങ്കിലും ജില്ലയിൽ വലിയതോതിൽ മഴക്കുറവ് രേഖപ്പെടുത്തി. 41.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 14.3 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മൈനസ് 65 മില്ലിമീറ്ററിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ മഴ ശക്തിപ്രാപിക്കാനുള്ള സാദ്ധ്യതയുണ്ട്.
കാലാവസ്ഥാ കേന്ദ്രം അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |