കൊല്ലം: തൃക്കോവിൽവട്ടം താഹമുക്കിലെ ദേവ് ഡയറി ഫാം മാറ്റിസ്ഥാപിക്കണമെന്ന തൃക്കോവിൽവട്ടം പഞ്ചായത്തിന്റെ ഏകപക്ഷീയ ഉത്തരവിനെതിരെ ഫാം ഉടമസ്ഥനായ ഇവാൻജെലിൻ ദേവ് ഇമ്പെക്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. ആർ. റോണക് മുഖ്യമന്ത്രി, വ്യവസായ, ക്ഷീര വികസന വകുപ്പ് മന്ത്രിമാർ, കളക്ടർ എന്നിവർക്ക് അപേക്ഷ നൽകി.
29 പശുക്കളുള്ള ഫാമിലെ പാൽ ഉപയോഗിച്ചാണ് ദേവ് ഐസ്ക്രീം നിർമ്മിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെയായിരുന്നു പ്രവർത്തനം. ഇതിനിടയിൽ സാമൂഹ്യവിരുദ്ധർ മതിൽ ഇല്ലാത്ത ഭാഗത്ത് കൂടി ഫാമിൽ കടന്ന് ലഹരി ഉപയോഗിക്കുന്നത് പതിവാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്പനി കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നിർദ്ദേശ പ്രകാരം ശേഷിക്കുന്ന ഭാഗത്ത് മതിൽ നിർമ്മാണം തുടങ്ങി. ഈ സമയം സാമൂഹ്യവിരുദ്ധർ കമ്പനി ജീവനക്കാരെയും തൊഴിലാളികളെയും ഭീഷണിപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ചു. മതിലും നിരീക്ഷണ കാമറയും തകർത്തു. ഇതിനെതിരെയും പൊലീസിൽ പരാതി നൽകി. എന്നിട്ടും സാമൂഹ്യവിരുദ്ധർ മതിൽചാടിക്കടക്കുന്നത് പതിവാക്കി.
പൊലീസ് ഇടപെടൽ ശക്തമായതിന്റെ വൈരാഗ്യത്തിൽ സാമൂഹ്യവിരുദ്ധർ ചില പരിസരവാസികളെ കൂട്ടുപിടിച്ചു. ഇവർ ഡയറി ഫാം പൂട്ടിക്കണമെന്ന ഗൂഢ ലക്ഷ്യത്തോടെയാണ് മലിനീകരണത്തിന്റെ പേരുപറഞ്ഞ് പഞ്ചായത്തിൽ പരാതി നൽകിയത്.15 വർഷമായി പ്രവർത്തിക്കുന്ന ഫാമിനെതിരെ കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുമ്പ് മാത്രമാണ് കിണറുകൾ മലിനമാകുന്നുവെന്ന പരാതി ഉയർന്നത്. പരാതി ലഭിച്ചയുടൻ അവരുടെ കിണറുകൾ കമ്പനി വൃത്തിയാക്കി. കാലപ്പഴക്കം കാരണം ജീർണാവസ്ഥയിലായ കിണറുകൾക്ക് പകരം പുതിയത് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രശ്നം സൃഷ്ടിക്കുന്നത്. കടുത്ത വേനലിൽ ഡയറി ഫാമിലെ ജലം പരാതിക്കാരുടെ കിണറ്റിൽ എത്താൻ സാദ്ധ്യതയില്ല. വെള്ളപ്പൊക്കകാലത്തുപോലും ഫാമിലെ ജലം പരാതിക്കാരുടെ കിണറ്റിൽ എത്തിയതായി പരാതി പറഞ്ഞിട്ടില്ല. അതുകൊണ്ട് ഇപ്പോഴത്തെ ആരോപണങ്ങൾ സംശയാസ്പദമാണ്.
പ്രശ്നം ചർച്ച ചെയ്യാൻ തൃക്കോവിൽവട്ടം പഞ്ചായത്ത് വിളിച്ച ചർച്ചയിൽ കമ്പനി അവതരിപ്പിച്ച വസ്തുതകൾ കേൾക്കാൻ പരാതിക്കാർ തയ്യാറായില്ല. കമ്പനി ഹാജരാക്കിയ രേഖകൾ പരിശോധിക്കാതെയും ശാസ്ത്രീയ പരിശോധനകൾ നടത്താതെയുമാണ് ഫാം പൂട്ടാനുള്ള നിർദേശം പഞ്ചായത്ത് നൽകിയതെന്നും പരാതിയിൽ പറയുന്നു.
നൂറിലേറെപ്പേരുടെ കുടുംബം പട്ടിണിയാകും
ഫാം പൂട്ടുന്നതോടെ ഇവിടുത്തെ നൂറിലേറെ ജീവനക്കാരുടെ കുടുംബം പട്ടിണിയാകും. ഫാം നടത്തിപ്പുമായി ബന്ധപ്പെട്ട് അപാകത ഉണ്ടെങ്കിൽ പരിഹരിക്കാൻ കമ്പനി ഒരുക്കമാണ്. ഒരു വ്യവസായ സംരംഭം പോലും പൂട്ടരുതെന്നാണ് സർക്കാരിന്റെ നയം. അതിന് വിരുദ്ധമായി അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ പേരിൽ ഫാം പൂട്ടാൻ നൽകിയ ഉത്തരവ് പുനഃപരിശോധിക്കാനുള്ള നിർദ്ദേശം നൽകണമെന്നും അപേക്ഷയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |