കൊല്ലം: പെരിനാട് പഞ്ചായത്ത് 'മാലിന്യ മുക്ത പഞ്ചായത്ത്' എന്ന പ്രഖ്യാപനം വെറും വാക്കായി. പഞ്ചായത്തിൽ വിവിധ ഇടങ്ങളിലായി മാലിന്യം വീണ്ടും കുന്നുകൂടിത്തുടങ്ങിയിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.
മാലിന്യ മുക്ത പ്രഖ്യാപനത്തിന് ആഴ്ചകൾ മാത്രമാണ് പഴക്കം. പഞ്ചായത്ത് കോമ്പൗണ്ടിൽ ഉൾപ്പെടെ വലിയ അളവിലാണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്. പഞ്ചായത്ത് കെട്ടിടത്തിന് സമീപം രണ്ടാൾ പൊക്കത്തിൽ ഇ- വേസ്റ്റ് കൂടിക്കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. മാലിന്യ മുക്ത പഞ്ചായത്തെന്ന പ്രഖ്യാപന സമയത്ത് പോലും ഇത് ഇവിടെ നിന്ന് മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല. മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ വാർഡുകളിൽ നിന്നു ശേഖരിച്ച പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള ജൈവ, അജൈവ മാലിന്യങ്ങൾ ഇതുവരെ നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
ഇത്തരത്തിൽ പഞ്ചായത്തിന്റെ ഭൂരിഭാഗങ്ങളിലും മാലിന്യ കൂമ്പാരം കാണാൻ കഴിയും. അവസരം മുതലെടുത്ത് ഈ കൂനകളിലേക്ക് വീണ്ടും മാലിന്യം വലിച്ചെറിയുന്നവരും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായുള്ള മാലിന്യമുക്ത ജില്ല പ്രഖ്യാപനത്തോടനുബന്ധിച്ച് മാർച്ച് 30നാണ് പെരിനാട് പഞ്ചായത്തിലും പ്രഖ്യാപനം ഉണ്ടായത്. എന്നാൽ ഇത് വെറുതെയായെന്നും മഴക്കാലത്ത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിയ്ക്കുന്ന ഇ-വേസ്റ്റ് ഉൾപ്പടെയുള്ളവ ഉടൻ നീക്കം ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഗ്രാമപഞ്ചായത്തിന്റെ മാലിന്യ നിർമ്മാർജ്ജനത്തിലെ കെടുകാര്യസ്ഥതയാണ് വെളിവാകുന്നതെന്നും ആരോപണമുയരുന്നു.
ലക്ഷങ്ങൾ മുടക്കി ആഘോഷത്തോടെയാണ് മാലിന്യ മുക്ത പ്രഖ്യാപനം നടത്തിയത്. ഇത്രയും രൂപ ചെലവാക്കിയിട്ടും മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല. നാട്ടുകാരെ കബളിപ്പിക്കലാണ് നടന്നത്
പ്രദേശവാസി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |