ഫലപ്രദമാകുന്നില്ല പരിശോധനകൾ
കൊല്ലം: നഗരത്തിൽ സ്വകാര്യ ബസുകളുടെ അമിതവേഗത്തിനും മത്സര ഓട്ടത്തിനും അവസാനമില്ലാത്തതിനാൽ അപകടങ്ങൾ തുടർക്കഥയാവുന്നു.
കഴിഞ്ഞ ദിവസം എസ്.എൻ കോളേജ് റെയിൽവേ ഓവർബ്രിഡ്ജിന് സമീപം സ്വകാര്യബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റിരുന്നു. കഴിഞ്ഞ ജനുവരിയിൽ കൊല്ലം- തേനി ദേശീയപാതയിൽ ചക്കുവള്ളി ജംഗ്ഷന് സമീപം സ്വകാര്യബസുകളുടെ മത്സരയോട്ടത്തിനിടെ ഗർഭിണി ഉൾപ്പെടെ മൂന്ന് യാത്രക്കാർക്ക് വീണ് പരിക്കേറ്റിരുന്നു. ഇങ്ങനെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് പല ദിവസങ്ങളിലും ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. യാത്രക്കാരുടെ ജീവന് വില കൽപ്പിക്കാതെയാണ് മത്സരയോട്ടം. അപകട സാദ്ധ്യത കൂടിയ മേഖലകളിൽ ബസുകളുടെ വേഗം കുറയ്ക്കാറില്ല.
ഇരുചക്ര വാഹനങ്ങളും മറ്റു ചെറുവാഹനങ്ങളുമാണ് പലപ്പോഴും ഇരയാകുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് മരണപ്പാച്ചിൽ. സമയത്തിന്റെ പേരിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷങ്ങളും പതിവാണ്.
പിന്നിലല്ല കെ.എസ്.ആർ.ടി.സിയും
തിരക്കേറിയ സ്ഥലങ്ങളിൽ പോലും സ്വകാര്യബസുകളുമായി കെ.എസ്.ആർ.ടി.സിയും മത്സരിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ സീബ്രാ ലൈനിലേക്ക് കയറ്റി നിറുത്തുന്നതിനാൽ കാൽനടയാത്രക്കാർ റോഡ് മുറിച്ച് കടക്കാനും ഏറെ പ്രയാസപ്പെടുന്നുണ്ട്. ജില്ലയിലെ ബ്ലാക്ക് സ്പോട്ടുകളിൽ ഉൾപ്പെടെ പൊലീസിന്റെയും എം.വി.ഡിയുടെയും നേതൃത്വത്തിൽ പരിശോധനകൾ നടക്കുന്നുണ്ടെങ്കിലും ഫലമുണ്ടാവുന്നില്ല.
നിയമലംഘനം അറിയിക്കാം
മോട്ടോർ വാഹന വകുപ്പിന്റെ എം പരിവാഹൻ ആപ്ലിക്കേഷനിൽ സിറ്രിസൺ സെന്റിനൽ ഓപ്ഷനിലൂടെ ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ പൊതുജനങ്ങൾക്കും പ്രതികരിക്കാം. അമിതവേഗം, അനധികൃത പാർക്കിംഗ് തുടങ്ങി ഏതുതരം കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യാം. നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ ഫോട്ടോയോ വീഡിയോയോ അപ്‌ലോഡ് ചെയ്യാം. പരാതികൾ നൽകാൻ ഫോൺ: 9188961202 (മോട്ടോർ വാഹനവകുപ്പ് കൺട്രോൾ റൂം) , 8547639002 (ജില്ലാ ആർ.ടി.ഒ ഓഫീസർ)
മത്സര ഓട്ടം നിയന്ത്രിക്കാൻ കർശന പരിശോധനയാണ് നടത്തുന്നത്. ബസുകൾ ജീവഹാനി ഉണ്ടാക്കിയാൽ വാഹനത്തിന്റെ പെർമിറ്റും അശ്രദ്ധമായ ഡ്രൈവിംഗ് കൊണ്ടാണ് മരണം സംഭവിക്കുന്നതെങ്കിൽ ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യും. നിയമ ലംഘനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്
മോട്ടോർ വാഹനവകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |