കൊല്ലം: കാഷ്യു കോർപ്പറേഷൻ, കാപ്പെക്സ് ഫാക്‌ടറികളിൽ ഈ വർഷവും 200 തൊഴിൽ ദിനങ്ങൾ എന്ന ലക്ഷ്യത്തോടെ കാഷ്യു ബോർഡ് മുഖേന രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നായി 12500 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതിക്ക് കരാറായി. ഘായിൽ നിന്നും ഐവറികോസ്റ്റിൽ നിന്നുമുള്ള തോട്ടണ്ടി മേയ് പകുതിയോടെ ഫാക്ടറികളിലെത്തും. ഇതിന് പുറമെ ഐവറി കേസ്‌റ്റിൽ നിന്ന് 3000 മെട്രിക് ടൺ തോട്ടണ്ടിക്ക് കൂടി ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.
ഈ വർഷം തുടക്കത്തിൽ മൊസാംബിക്കിൽ നിന്ന് ഇറക്കുമതി ചെയ്‌ത തോട്ടണ്ടി ഉപയോഗിച്ചാണ് കാഷ്യു കോർപ്പറേഷൻ - കാപ്പെക്സ് ഫാക്ടറികളിൽ ജോലി ലഭ്യമാക്കിയത്. ഈ വർഷം ഇതുവരെ 46 തൊഴിൽ ദിനങ്ങൾ നൽകി. നാടൻ തോട്ടണ്ടിക്കും ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫാക്ടറികൾ വഴി ലഭ്യമായതും കോർപ്പറേഷൻ, കാപ്പെക്സ് ഫാക്ടറി പരിസരത്ത് നിന്നും വിളവെടുത്ത തോട്ടണ്ടി ഉപയോഗിച്ച് ഓണക്കാലത്ത് ജംബോ കാഷ്യു ഇറക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഘാന, ഐവറികോസ്റ്റ് എന്നീ രാജ്യങ്ങളിലെ സീസണിൽ തന്നെ തോട്ടണ്ടി വാങ്ങാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ സഹായം യഥാസമയം ലഭിച്ചതുകൊണ്ടാണെന്നും കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹനും കാപ്പെക്സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ളയും പറഞ്ഞു.
അടഞ്ഞുകിടക്കുന്ന സ്വകാര്യ ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കാൻ തയ്യാറാകുന്ന വ്യവസായികൾക്ക് ഒരു തൊഴിലാളിക്ക് 55 രൂപ കണക്കാക്കി 10 ലക്ഷം രൂപ വരെ സഹായധനം നൽകുന്ന പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുണ്ട്.
കാഷ്യു കോർപ്പറേഷൻ-കാപ്പെക്സ് ചെയർമാന്മാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |