കൊല്ലം: പ്രായോഗിക പഠനത്തിലൂടെ ദുരന്ത പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് അവതരിപ്പിച്ച് അമൃത വിശ്വവിദ്യാപീഠം. അമൃതപുരി ക്യാമ്പസിലെ അമൃത സ്‌കൂൾ ഫോർ സസ്റ്റെയിനബിൾ ഫ്യൂച്ചേഴ്‌സ്, യുനെസ്കോ ചെയർഓൺ എക്സ്പീരിയൻഷ്യൽ ലേർണിംഗ് ഫോർ സസ്റ്റെയിനബിൾ ഇന്നവേഷൻ ആൻഡ് ഡെവലപ്പ്മെന്റിന്റെ സഹകരണത്തോടെയാണ് 'സർട്ടിഫിക്കറ്റ് കോഴ്സ് ഓൺ ബിൽഡിംഗ് ഡിസാസ്റ്റർ റിസലിയൻസ് ആൻഡ് സോഷ്യൽ റെസ്പോൺസിബിലിറ്റി ത്രൂ എക്സ്പീരിയൻഷ്യൽ ലേർണിംഗ്' എന്നപേരിൽ ഹ്രസ്വകാല കോഴ്സ് ആരംഭിച്ചത്.
പ്രായോഗിക പരിശീലനത്തിലൂടെ ദുരന്ത പ്രതിരോധശേഷിയും സാമൂഹിക ഉത്തരവാദിത്തവും വളർത്തിയെടുക്കുകയാണ് പൂർണമായും ഓഫ്‌ലൈൻ രീതിയിൽ സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ട്രെയിൻ ദി ട്രെയിനർ മാതൃകയിൽ ദുരന്ത നിവാരണ സേനാംഗങ്ങൾ, അദ്ധ്യാപകർ, യുവജന നേതാക്കൾ, വിദ്യാർത്ഥികൾ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം.
സുസ്ഥിര വികസന സൂചിക, കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ദുരന്ത നിവാരണ പദ്ധതികൾ, മാർഗനിർദേശങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് കോഴ്‌സിന്റെ ഘടനയും പ്രവർത്തനവും രൂപപ്പെടുത്തിയിട്ടുള്ളത്. ആദ്യ ബാച്ചിൽ കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നായി ഇരുപത്തിയഞ്ചുപേരാണുള്ളത്.
കോഴ്സ് നാല് ദിവസം
നാലുദിവസം നീണ്ടുനിൽക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിൽ കാലാവസ്ഥയെക്കുറിച്ചും പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും അവയെ പ്രതിരോധിക്കേണ്ട രീതിയെക്കുറിച്ചും ബോധവത്കരണം നടത്തുന്നതോടൊപ്പം അത്യാധുനിക രീതികളും ഉപകരണങ്ങളും ഉപയോഗിച്ച് ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പരിശീലനവും നൽകും. ഇതിനുപുറമെ ദുരന്ത നിരീക്ഷണ സംവിധാനവും പ്രഥമ ശുശ്രൂഷാ രീതികളും കോഴ്‌സിലൂടെ പരിചയപ്പെടുത്തും.
അമൃത സ്‌കൂൾ ഫോർ സസ്റ്റെയിനബിൾ ഫ്യൂച്ചേഴ്‌സ്, അമൃത സെന്റർ ഫോർ വയർലെസ് നെറ്റ് വർക്സ് ആൻഡ് ആപ്ളിക്കേഷൻസ്, കൊച്ചി അമൃത ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
അമൃത വിശ്വവിദ്യാപീഠം അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |