കൊല്ലം: കേന്ദ്ര ടെക്സ്റ്റൈൽസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പാർവതി മിൽ ഭൂമി വിട്ടുനൽകിയാൽ കൊല്ലം നഗരഹൃദയത്തിൽ തന്നെ പുതുതായി പ്രഖ്യാപിച്ച ഇ.എസ്.ഐ മെഡിക്കൽ കോളേജ് ഉയരും. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം, കേന്ദ്ര തൊഴിൽ മന്ത്രി, ഇ.എസ്.ഐ ഡയറക്ടർ ജനറൽ എന്നിവരുമായി മില്ലുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസ് വേഗത്തിൽ തീർപ്പാക്കാൻ എൻ.കെ.പ്രേമചന്ദ്രൻ എം.പി ശ്രമം ആരംഭിച്ചു.
16.4 ഏക്കർ വിസ്തീർണമാണ് പാർവതി മിൽ ഭൂമിക്കുള്ളത്. പതിറ്റാണ്ടുകളായി അടഞ്ഞുകിടക്കുന്ന മിൽ ഭൂമി കാടുകയറി നശിക്കുകയാണ്. ജീവനക്കാരിൽ വലിയൊരു വിഭാഗം സ്വയം വിരമിച്ചു. ജോലിയില്ലെങ്കിലും തുടരുന്നവർക്ക് കൃത്യമായി ശമ്പളമില്ല. നേരത്തെ ഈ സ്ഥലം ഐ.ടി പാർക്ക് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.
മില്ലിൽ പിണഞ്ഞുകിടക്കുന്ന കേസ്
1997ൽ മില്ല് സ്വകാര്യവത്കരിക്കാൻ നാഷണൽ ടെക്സ്റ്റൈൽസ് കോർപ്പറേഷൻ തീരുമാനിച്ചു. മുംബയ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി ടെക്സ്റ്റൈൽസ് കോർപ്പറേഷനുമായി കരാർ ഒപ്പിട്ടു. തൊഴിലാളി യൂണിയനുകൾ സമരം ആരംഭിച്ചതോടെ സ്വകാര്യവത്കരണത്തിൽ നിന്ന് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ പിന്മാറി. ഇതോടെ മുംബയ് ആസ്ഥാനമായുള്ള കമ്പനി കോടതിയെ സമീപിച്ചു. മൂന്നുവർഷം മുമ്പ് ടെക്സ്റ്റൈൽസ് കോർപ്പറേഷന് അനുകൂലമായി വിധി വന്നു. ഇതിനെതിരെ സ്വകാര്യ കമ്പനി വീണ്ടും അപ്പീൽ നൽകി. അപ്പീലിൽ ഇതുവരെ തീർപ്പായിട്ടില്ല.
തലയെടുപ്പിൽ നിന്ന് കൂപ്പുകുത്തി
സ്ഥാപിച്ചത് ജയിംസ് ഡെറാഗ് എന്ന ബ്രിട്ടീഷുകാരൻ
ഭൂമി നൽകിയത് വിശാഖം തിരുന്നാൾ
ഡെറാഗ്സ് ആൻഡ് മിൽസ് എന്ന് ആദ്യ പേര്
ആവി എൻജിൻ ഉപയോഗിച്ച് 25000 റാട്ടുകൾ പ്രവർത്തിച്ചു
മില്ലിന്റെ ഉടമസ്ഥത പല കൈകൾ മറിഞ്ഞു
1957ൽ തമിഴ്നാട് സ്വദേശി ഏറ്റെടുത്തു
അദ്ദേഹമാണ് പാർവതി മില്ലെന്ന് പേരിട്ടത്
വർഷങ്ങൾക്ക് ശേഷം സംസ്ഥാന സർക്കാർ ഏറ്റെടുത്തു
1974ൽ നാഷണൽ ടെസ്റ്റൈൽസ് കോർപ്പറേഷന് കൈമാറി
1997ൽ സ്വകാര്യവത്കരിക്കാൻ തീരുമാനം
തൊഴിലാളി യൂണിയനുകൾ സമരം തുടങ്ങി
സ്വകാര്യവത്കരണം ഉപേക്ഷിച്ചു
ഇതോടെ മില്ലിന്റെ പ്രവർത്തനം സ്തംഭിച്ചു
മിൽ ആരംഭിച്ചത്
1184ൽ
പാർവതി മില്ലിന്റെ സ്ഥലം മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ വിട്ടുകിട്ടാൻ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകി. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട തുടർ നടപടികളിൽ പ്രധാനപ്പെട്ടത് ഭൂമി ലഭ്യതയായതിനാൽ ഭരണപരമായ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
എൻ.കെ.പ്രേമചന്ദ്രൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |