കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം ഉടൻ ഉയരും. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കാണ് ആദ്യം നിർമ്മിക്കുക. കോഴിക്കോട് എൻ.ഐ.ടിയാണ് കെട്ടിടത്തിന്റെ പ്ളാൻ തയ്യാറാക്കുന്നത്. ഇതിന്റെ ജോലികൾ ആരംഭിച്ചു.
പ്ളാനും എസ്റ്റിമേറ്റും തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുന്നതോടെ കെട്ടിട നിർമ്മാണത്തിന് അനുവദിച്ചിട്ടുള്ള 30 കോടി രൂപയിൽ ഭരണാനുമതി ലഭിക്കും. തുടർന്ന് നിർമ്മാണ ജോലികൾ തുടങ്ങാനാകും. യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാനായി മുണ്ടയ്ക്കലിൽ 3.26 ഹെക്ടർ ഭൂമി യൂണിവേഴ്സിറ്റിയുടെ പേരിൽ വാങ്ങി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവിടെ ആദ്യ ഘട്ട നിർമ്മാണത്തിനാണ് 30 കോടി രൂപ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ചത്.
പ്രവേശന കവാടം, ചുറ്റുമതിൽ, റോഡുകൾ, ലാൻസ് കേപ്പിംഗ്, ഹരിതവത്കരണം എന്നിവയൊക്കെ കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി വരും. മന്ത്രി കെ.എൻ.ബാലഗോപാൽ മുൻകൈയെടുത്താണ് യൂണിവേഴ്സിറ്റിക്ക് സ്വന്തമായി ഭൂമി വാങ്ങുന്നതിനും കെട്ടിടമൊരുക്കുന്നതിനും വളരെവേഗം സാഹചര്യമൊരുക്കിയത്. നേരത്തെ പ്രവർത്തനം തുടങ്ങിയ മലയാളം സർവകലാശാലയ്ക്കടക്കം സ്വന്തം ആസ്ഥാനം ഇനിയുമായിട്ടില്ല. അതിനുമുന്നേ കൊല്ലം ആസ്ഥാനമായി ശ്രീനാരായണ ഗുരുവിന്റെ പേരിൽ തുടങ്ങിയ യൂണിവേഴ്സിറ്റിക്ക് സർക്കാരിന്റെ പരിഗണന കൂടുതലായി ലഭിച്ചുവെന്നതാണ് പ്രത്യേകത.
അര ലക്ഷത്തിലേറെ പഠിതാക്കൾ
2020 ഒക്ടോബർ 2ന് ഗാന്ധി ജയന്തി ദിനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നാടിന് സമർപ്പിച്ചത്. പ്രവർത്തനം തുടങ്ങി നാലര വർഷം പിന്നിട്ടപ്പോഴേക്കും അര ലക്ഷത്തിൽ കൂടുതൽ പഠിതാക്കളുള്ള യൂണിവേഴ്സിറ്റിയായി മാറി. യു.ജി.സിയുടെ കീഴിലുള്ള ഡിസ്റ്റൻസ് എഡ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരമുള്ള 30 പ്രോഗ്രാമുകളാണുള്ളത്. യൂണിവേഴ്സിറ്റി കലോത്സവം, കായികമേള, സാഹിത്യോത്സവം എന്നിവയൊക്കെ നടത്തി മറ്റ് ഓപ്പൺ യൂണിവേഴ്സിറ്റികളിൽ നിന്ന് വ്യത്യസ്തമാകാനും കഴിഞ്ഞു.
കെട്ടിട വിസ്തീർണം-
50000 ചതുരശ്ര അടി
ആകെ ഭൂമി - 3.26 ഹെക്ടർ
ഓപ്പൺ യൂണിവേഴ്സിറ്റിക്ക് സ്വന്തം ആസ്ഥാനമൊരുക്കുകയെന്നത് വലിയ കടമ്പ തന്നെയായിരുന്നു. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ഭൂമി വാങ്ങി. കെട്ടിട നിർമ്മാണം ഉടൻ തുടങ്ങും. അഡ്മിനിസ്ട്രേഷൻ ബ്ളോക്കാണ് ആദ്യം നിർമ്മിക്കുക.
കെ.എൻ.ബാലഗോപാൽ, ധന മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |