കൊല്ലം: കഴിഞ്ഞ ജൂലായ് 18ന് രാവിലെ എത്തിയ ബോംബ് ഭീഷണി കണ്ടത് വൈകിട്ട് അഞ്ച് മണിക്കായതിനാൽ ആരും ഭയന്നിരുന്നില്ല. എന്നാൽ കാശ്മീരിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്നലെ രാവിലെ ബോംബ് ഭീഷണി എത്തിയതോടെ കളക്ടറേറ്റിലെയും കോടതികളിലെയും ജീവനക്കാരുടെയും അഭിഭാഷകരുടെയും വിവിധ ആവശ്യങ്ങൾക്കെത്തിയ ജനങ്ങളുടെയും നെഞ്ചിടിച്ചു.
പത്തേകാലോടെ ഭീഷണി ഇ- മെയിൽ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കളക്ടർ കമ്മിഷണർക്ക് കൈമാറി. പത്തരയോടെ കൊല്ലം വെസ്റ്റ് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കളക്ടറേറ്റിലേക്കെത്തി. തൊട്ടുപിന്നാലെ പള്ളിത്തോട്ടം സ്റ്റേഷനിലെയും കൺട്രോൾ റൂമിലെയും ഉദ്യോഗസ്ഥരെത്തി കളക്ടറുടെ ചേംബർ അരിച്ചുപെറുക്കി. അതിന് പുറകെ എ.ആർ ക്യാമ്പിൽ നിന്നുള്ള ക്വിക്ക് റെസ്പോൺസ് സംഘമെത്തി മറ്റ് ഓഫീസ് മുറുകളിലും കോടതികളിലും പരിശോധന നടത്തി. രണ്ട് പൊലീസ് നായകളും ഡോഗ് സ്ക്വാഡുമെത്തി ഓഫീസ് മുറികളും കളക്ടറേറ്റ് വളപ്പും സൂക്ഷ്മമായി പരിശോധിച്ചു. പൊലീസ് സംഘം കളക്ടറേറ്റ് വളപ്പിലുണ്ടായിരുന്നവരുടെയും അകത്തേക്ക് പ്രവേശിക്കുന്നവരുടെയും ബാഗുകളടക്കം പരിശോധിച്ചു. ഇതിനിടയിൽ ആംബുലൻസുകൾ കളക്ടറേറ്റിനടുത്തേക്ക് വിളിച്ചുവരുത്തി. ഏത് നിമിഷവും എത്താനുള്ള തയ്യാറെടുപ്പിന് കടപ്പാക്കട, ചാമക്കട ഫയർഫോഴ്സുകൾക്കും നിർദ്ദേശം നൽകിയിരുന്നു.
ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്ന രണ്ട് മണി കഴിഞ്ഞതോടെയാണ് പൊലീസുകാർക്കും കളക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർക്കും ആശ്വാസമായത്. വൈകിട്ട് അഞ്ചുമണി വരെ കളക്ടറേറ്റ് വളപ്പിൽ വൻ പൊലീസ് സംഘം നിരീക്ഷണം തുടർന്നു.
പൊലീസ് ഇരച്ചെത്തുന്നത് കണ്ട് ഞെട്ടി ജീവനക്കാർ
ഓഫീസിനുള്ളിലേക്ക് പൊലീസുകാർ ഇരച്ചുകയറി അലമാരകളും മേശയും തുറന്ന് പരിശോധിക്കുന്നത് കണ്ട് ജീവനക്കാർ ആദ്യം ഞെട്ടി. ഭീഷണി സന്ദേശമെത്തിയ വിവരം അപ്പോൾ ജീവനക്കാർ അറിഞ്ഞിരുന്നില്ല. വകുപ്പ് മേധാവികൾ മുഖേനയെങ്കിലും അറിയിപ്പ് നൽകി സമയം പാഴാക്കാതെ തെരച്ചിൽ നടത്താനുള്ള നടപടി സ്വീകരിച്ചില്ലെന്ന് ജീവനക്കാർക്കിടയിൽ പരാതിയുണ്ട്.
ആശങ്ക ഒഴിവായെന്ന് കളക്ടർ
കളക്ടറേറ്റിൽ ഉച്ചയോടെ ബോംബ് പൊട്ടുമെന്ന് വന്ന ഇ-മെയിൽ സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ ആശങ്ക ഒഴിവായെന്ന്കളക്ടർ എൻ.ദേവിദാസ് പറഞ്ഞു. പരിശോധനയിൽ സംശയകരമാംവിധം ഒന്നും കണ്ടെത്താനായില്ല. ഭീഷണി കണക്കിലെടുത്ത് ഗൗരവകരമായ അന്വേഷണമാണ് നടത്തുന്നത്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നു. നിലവിൽ സുരക്ഷിതമായ സാഹചര്യമാണുള്ളത്. കർശന നിരീക്ഷണം തുടരുമെന്നും കളക്ടർ അറിയിച്ചു.
മുൻ ഭീഷണിക്കാരനെ കണ്ടെത്താനായില്ല
കഴിഞ്ഞമാസം 18ന് ബോംബ് ഭീഷണി സന്ദേശം ഇ- മെയിലിൽ അയച്ചയാളെ ഇതുവരെ കണ്ടെത്താനായില്ല. രണ്ട് സന്ദേശങ്ങളും വിദേശത്ത് നിന്നും അയച്ചതാണെന്നാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |