കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഫെഡറൽ ബാങ്കിന് സമീപം കൈതക്കാട് സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള ബിസ്മി ഇലക്ട്രോണിക്സ് ആൻഡ് ഫർണിച്ചറിൽ വൻ തീപിടിത്തം. രണ്ടര കോടിയുടെ സാധനങ്ങൾ കത്തിനശിച്ചു. ഉടമയും ജീവനക്കാരും പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ ദുരന്തമൊഴിവായി. ഗോഡൗൺ ഭാഗത്ത് സ്ഫോടന ശബ്ദത്തോടെയാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്ഥാപനത്തോട് ചേർന്നുള്ള മറ്റൊരു കടയും അഗ്നിക്കിരയായി. ഇതിന് സമീപത്താണ് ഫെഡറൽ ബാങ്ക് പ്രവർത്തിക്കുന്നത്. ബാങ്ക് ജീവനക്കാരും സുരക്ഷിത ഭാഗത്തേക്ക് മാറി. വൈദ്യുതി വകുപ്പ് ജീവനക്കാർ എത്തി പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുളത്തൂപ്പുഴ ടൗണിലാകെ പുകപടലം നിറഞ്ഞു. ഇതോടെ കുളത്തൂപ്പുഴ പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗതം തടഞ്ഞു. പുനലൂരിൽ നിന്ന് ഫയർഫോഴ്‌സ് യൂണിറ്റുകളെത്താൻ ഒരു മണിക്കൂറോളം വേണ്ടിവന്നു. അപ്പോഴേക്കും കട പൂർണമായും കത്തി നശിച്ചു. മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും തീയിൽപ്പെട്ടു. പുനലൂർ ഡിവൈ.എസ്.പി പ്രദീപ് കുമാർ, കുളത്തൂപ്പുഴ എസ്.എച്ച്.ഒ അനീഷ്, സബ് ഇൻസ്‌പെക്ടർ ഷാജഹാൻ മുഹമ്മദ്, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലൈല ബീവി, പുനലൂർ ഫയർ ഫോഴ്‌സ് ഇൻസ്‌പെക്ടർ ഗിരീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |