കൊല്ലം: മധുര റെയിൽവേ ഡിവിഷനിലെ കൊല്ലം ലോക് സഭാ മണ്ഡലത്തിലെ കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈനിലെ സ്റ്റേഷനുകളുടെ വികസനത്തിനുള്ള സമഗ്ര പദ്ധതികൾ നടപ്പാക്കിവരുന്നതായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു.
മധുര റെയിൽവേ ഡിവിഷനിൽ എം.പിമാരുടെ യോഗത്തിന് മുന്നോടിയായി ഉന്നയിച്ച ആവശ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് വിവരം നൽകിയത്. 2024-25 വർഷം കൊല്ലം ലോക് സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനുള്ള ചെറുകിട പദ്ധതികൾക്കായി 23.34 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചിട്ടുണ്ട്. ഇതിൽ 13.03 കോടി രൂപ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു. 10.31 കോടി രൂപയുടെ പദ്ധതികളുടെ ഭരണപരമായ നടപപടികൾ അന്തിമഘട്ടത്തിലാണ്.
കൊല്ലം-ചെങ്കോട്ട പാതയിലുൂടെ ഓടുന്ന ട്രെയിനുകളിൽ കോച്ചുകളുടെ ലഭ്യത അനുസരിച്ച് വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കും.
കൊല്ലം-പുനലൂർ റൂട്ടിൽ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 70 കിലോമീറ്റർ എന്നത് 80 കീലോ മീറ്ററായി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു. പാതയിലെ ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
കൊല്ലം-ചെങ്കോട്ട വഴിയുള്ള തിരുവനന്തപുരം നോർത്ത് താമ്പരം എ.സി എക്സ്പ്രസ് ട്രെയിൻ റെഗുലർ ട്രെയിനാക്കുക, കൊല്ലം-ചെങ്കോട്ട വഴി തിരുവനന്തപുരം നോർത്ത് പളനി ട്രെയിൻ സർവീസ്, എറണാകുളം-രാമേശ്വരം ട്രെയിൻ സർവീസ്, കൊല്ലം-ചെങ്കോട്ട വഴി തിരുനെൽവേലി-മംഗലാപുരം ട്രെയിൻ, യാത്രക്കാർക്ക് സൗകര്യപ്രദമായ വിധം കൂടുതൽ കൊല്ലം-ചെങ്കോട്ട പാസഞ്ചർ ട്രെയിനുകൾ, കൊല്ലം-തിരുനെൽവേലി മെമു ട്രെയിൻ സർവീസ് എന്നീ ആവശ്യങ്ങൾ റെയിൽവേയുടെ പരിഗണനയിലാണെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും ജനറൽ മാനേജർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |