കൊട്ടാരക്കര: കൊട്ടാരക്കര ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ഡോക്യുമെന്ററി, ഷോർട് ഫിലിം ഫെസ്റ്റിവലിന് സമാപനമായി. കൊട്ടാരക്കര മിനർവ എംപയർ തീയേറ്ററിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്ത ഫെസ്റ്റിവൽ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായിരുന്നു. തിരഞ്ഞെടുത്ത 31 ഹ്രസ്വ ചിത്രങ്ങളും നാല് ഡോക്യുമെന്ററികളുമാണ് പ്രദർശിപ്പിച്ചത്. മികച്ച ഡോക്യുമെന്ററിയായി കെ.വി.സതീദേവി നിർമ്മിച്ച 'സംഗീതം ഈ ജീവനും ജീവിതവും' തിരഞ്ഞെടുക്കപ്പെട്ടു. സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമി നിർമ്മിച്ച 'എയ്ഞ്ചൽ ഒഫ് ഡെത്ത്' ആണ് മികച്ച ഷോർട്ട് ഫിലിം. ഉചിത്ത് ബോസ്(അൻവർ) മികച്ച നടനായും നിലീൻ സാന്ദ്ര (എയ്ഞ്ചൽ ഓഫ് ഡെത്ത്) മികച്ച നടിയായും, പ്രസിദ്ധ് പ്രസാദ്(എയ്ഞ്ചൽ ഒഫ് ഡെത്ത്) മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥ (അച്യുത് ഗിരി- മീനുകൾ), മികച്ച ഛായാഗ്രാഹകൻ(സിദ്ദാർത്ഥ്- ദി ട്വിൻ ഫ്ളെയിംസ്), മികച്ച തിരക്കഥ(മഹേഷ് മധു- മൊളഞ്ഞി), സ്പെഷ്യൽ ജൂറി (അഭ്രപാളികളിലെ മധുരം, വേരുകൾ, ദി ട്വിൻ ഫ്ളെയിംസ്) എന്നിവയാണ് മറ്റ് പുരസ്കാരങ്ങൾ. ജൂറി അംഗങ്ങളായ വിജയകൃഷ്ണൻ, രഞ്ജിലാൽ ദാമോദർ എന്നിവരാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. അഡ്വ.കെ.അനിൽകുമാർ അമ്പലക്കര, പല്ലിശേരി, സി.മുരളീധരൻ പിള്ള, അശ്വിനി കുമാർ എന്നിവർ മേളയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |