കൊല്ലം: മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ തീരത്തടിയുമ്പോൾ, ഇനിയും അടിയാതെ കടലിൽ ഒഴുകി നടക്കുമ്പോൾ ജില്ലയുടെ തീരമൊന്നാകെ ആശങ്കയിലാണ്. ജീവനും ജീവിതവും തകരുമോ...
നിയന്ത്രണം നിലനിൽക്കുന്നതിനിടയിലും ചെറുവള്ളങ്ങൾ വിവിധ ലാൻഡിംഗ് സെന്ററുകളിൽ നിന്ന് കടലിൽ പോകുന്നുണ്ട്. ശക്തികുളങ്ങരയിൽ നിന്നുള്ള ബോട്ടുകളും കടലിലുണ്ട്. ശക്തമായ അടിയൊഴുക്കിൽപ്പെട്ട് കടലിലൂടെ ആടിയുലഞ്ഞ് ഒഴുകുന്ന കണ്ടെയ്നറുകൾ തട്ടിയാൽ ചെറുവള്ളങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തകരും. കണ്ടെയ്നറുകൾ അടുത്ത് എത്തിയാൽ ചെറുവള്ളങ്ങൾക്ക് പെട്ടെന്ന് ഒഴുകിമാറാനും പ്രയാസമാണ്. തിരയിൽ മുങ്ങിത്താഴുന്ന കണ്ടെയ്നറുകൾ കണ്ണിൽപ്പെടാതെ വള്ളങ്ങൾ മറിക്കുമോയെന്ന ആശങ്കയും മത്സ്യത്തൊഴിലാളികൾക്കുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ നീന്തി രക്ഷപെടുന്നതും പ്രയാസമാണ്. കണ്ടെയ്നറുകൾ തട്ടിയാൽ ബോട്ടുകളും തകരും. കൊല്ലം തീരത്ത് വിഷാംശം കലർന്നാൽ ദിവസങ്ങളോളം മത്സ്യബന്ധനത്തിന് നിയന്ത്രണത്തിനും സാദ്ധ്യതയുണ്ട്. മത്സ്യസമ്പത്തിന് വലിയളവിൽ നാശം സംഭവിച്ചാൽ മത്സ്യത്തൊഴിലാളികളുടെ ജീവിതവും തകരും.
വേനൽക്കാലത്ത് തീരക്കടലിൽ ചൂടായതിനാൽ മത്സ്യലഭ്യത ഒരാഴ്ച മുമ്പ് വരെ കുറവായിരുന്നു. മഴ പെയ്തുതുടങ്ങിയതോടെ നിയന്ത്രണങ്ങൾക്കിടയിലും മത്സ്യത്തൊഴിലാളികൾ വലിയ പ്രതീക്ഷയിലായിരുന്നു. ഇതിനിടയിലാണ് മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം തീരത്തേക്ക് അടിഞ്ഞുതുടങ്ങിയത്. ഇന്ന് മുതൽ കണ്ടെയ്നറുകൾ കൊല്ലം പോർട്ടിലേക്ക് അടുപ്പിക്കുന്നതും കൊല്ലത്തെ ലാൻഡിംഗ് സെന്ററുകളിൽ നിന്ന് വള്ളങ്ങൾ കടലിൽ പോകുന്നതിനെ നേരിയളവിൽ ബാധിക്കാൻ സാദ്ധ്യതയുണ്ട്.
മത്സ്യവില ഇടിയുമോയെന്ന് അശങ്ക
അപകടകരമായ രാസവസ്തുക്കളടങ്ങിയ കണ്ടെയ്നനർ കടലിൽ പൊട്ടിയൊഴുകിയാൽ മത്സ്യവില ഇടിയുമെന്ന ആശങ്കയും മത്സ്യത്തൊഴിലാളികൾക്കുണ്ട്. കടലിൽ വിഷാംശം കലർന്നാൽ ജനങ്ങൾ ദിവസങ്ങളോളം മത്സ്യം വാങ്ങാൻ മടിക്കും. ഇതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാകും. ഇതുവരെ മത്സ്യത്തിന്റെ ഡിമാൻഡിൽ കുറവും വിലയിൽ ഇടിവും സംഭവിച്ചിട്ടില്ലെന്ന് ഹാർബറുകളിലെ ലേലക്കാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |