കൊല്ലം: കൊല്ലം ബീച്ചിലടിഞ്ഞ കണ്ടെയ്നറിൽ നിന്ന് ചോർന്ന് തീരത്ത് ഒഴുകിനടന്ന ഉയർന്ന നിലവാരത്തിലുള്ള തേക്ക് തടികൾ ഒരുവിഭാഗമാളുകൾ കടത്തി. കൊല്ലം ബീച്ചിന് സമീപുള്ള വീടുകളിൽ ഒളിപ്പിച്ച തടികൾ കസ്റ്റംസ് തെരച്ചിൽ നടത്തി കണ്ടെത്തി പോർട്ടിലേക്ക് മാറ്റി.
തീരത്തെ ചില വീടുകളിൽ ഒളിപ്പിച്ചിരുന്ന തടികൾ പിക്ക്അപ്പ് ലോറിയിൽ ആറ് ലോഡുകളായാണ് പോർട്ടിലെത്തിച്ചത്. തിങ്കളാഴ്ച സന്ധ്യയ്ക്കാണ് തേക്കിൻ തടികളുണ്ടായിരുന്ന കണ്ടെയ്നർ ബീച്ചിൽ അടിഞ്ഞത്. തകർന്ന കണ്ടെയ്നറിൽ നിന്ന് തേക്കിൻ തടികൾ അപ്പോൾ തന്നെ തീരത്ത് കൂടി ഒഴുകി നടക്കുന്നുണ്ടായിരുന്നു. ഇവയാണ് ചിലർ രാത്രിയോടെ വീടുകളിലേക്ക് കടത്തിയത്.
ഇന്നലെ രാവിലെ പ്രദേശവാസികളാണ് തടികൾ ഒളിപ്പിച്ച വിവരം പൊലീസിനെയും കസ്റ്റംസിനെയും അറിയിച്ചത്. കണ്ടെയ്നറിൽ നിന്ന് ചോർന്ന തടികൾ ഇനിയും തീരങ്ങളിൽ അടിയാൻ സാദ്ധ്യതയുണ്ട്. തടികൾ കടത്തിയതുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |