കൊല്ലം: മൺറോത്തുരുത്തുകാരുടെ സ്വപ്നമായിരുന്ന പെരുമൺ- പേഴുംതുരുത്ത് പാലം നിർമ്മാണം ഒരുമാസമായി സ്തംഭനത്തിൽ. ബിൽ മാറിക്കിട്ടിയില്ലെന്ന പേരിലാണ് കരാർ കമ്പനി പാലത്തിന്റെ നിർമ്മാണം നിറുത്തിവച്ചത്. അപ്രോച്ച് റോഡിന്റെ നിർമ്മാണം മാത്രമാണ് നിലവിൽ നടക്കുന്നത്.
5.6 കോടിയുടെ ബിൽ മാറിക്കിട്ടാനുണ്ടെന്നാണ് കരാർ കമ്പനിയുടെ വാദം. എന്നാൽ ഇത്രയും തുക നൽകാനില്ലെന്നാണ് നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബി പറയുന്നത്. രണ്ട് കൂട്ടരും തമ്മിലുള്ള തർക്കത്തിൽ നിർമ്മാണം നിലച്ചിട്ടും ജനപ്രതിനിധികൾ പ്രശ്നത്തിൽ ഇടപെടുന്നില്ല. മാറ്റംവരുത്തിയ, പാലത്തിന്റെ രൂപരേഖ അടിസ്ഥാനമാക്കിയുള്ള പരിഷ്കരിച്ച എസ്റ്റിമേറ്റിന് ഇതുവരെ അംഗീകാരം ലഭിക്കാത്തതാണ് ബിൽ മാറാനുള്ള തടസം. പാലം നിർമ്മാണത്തിന് എത്തിച്ച വിദഗ്ദ്ധ തൊഴിലാളികളെ കരാർ കമ്പനി പിൻവലിച്ചു.
9 മീറ്ററിൽ മദ്ധ്യഭാഗത്തെ സ്പാൻ
ഗർഡറുകളിൽ താങ്ങിനിറുത്തുന്നതിന് പകരം പാലത്തിന്റെ മദ്ധ്യഭാഗത്തെ മൂന്ന് സ്പാനുകൾ പൈലോണുകളിലെ സ്റ്റീൽ റോപ്പുകളിൽ തൂക്കിയാണ് നിറുത്തുന്നത്. മദ്ധ്യഭാഗത്ത് 70 മീറ്റർ നീളത്തിലുള്ള ഒരു സ്പാനും ഇരുവശങ്ങളിലുമായി 42 മീറ്റർ വീതമുള്ള രണ്ട് സ്പാനുകളുമാണുള്ളത്. ഇതിൽ താത്കാലിക പിയർ ക്യാപ്പ് നിർമ്മിച്ച് മദ്ധ്യഭാഗത്ത് നിന്ന് ഇരുവശങ്ങളിലേക്കും 4.5 മീറ്റർ നീളത്തിൽ ആകെ 9 മീറ്റർ സ്ലാബിന്റെ കോൺക്രീറ്റിംഗ് ഏപ്രിൽ ഒന്നിനാണ് നടന്നത്. പിന്നീട് ഈ സ്ലാബിന്റെ തട്ടുകൾ ഇളക്കിമാറ്റുക മാത്രമാണ് ചെയ്തത്.
ബിൽ മാറിക്കിട്ടാതെ നിർമ്മാണം മുന്നോട്ടുകൊണ്ടുപോകാനാകില്ല. കഴിഞ്ഞ ഒരുമാസമായി പാലത്തിന്റെ നിർമ്മാണം നടക്കുന്നില്ല. അപ്രോച്ച് റോഡിന്റെ പണി മാത്രമാണ് നടക്കുന്നത്.
കരാർ കമ്പനി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |