കൊല്ലം: കൊല്ലം കളക്ടറേറ്റിൽ കാർ പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവതിക്കും യുവാവിനും അഭിഭാഷകനും പരിക്കേറ്റു. കൊല്ലം ബാറിലെ അഭിഭാഷകനായ ചാത്തന്നൂർ സ്വദേശി കൃഷ്ണകുമാർ, കടയ്ക്കൽ കോണത്ത് വീട്ടിൽ ഷെമീന ജലാലുദ്ദീൻ, പള്ളിക്കൽ സ്വദേശി സിദ്ധിഖ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 11.30 ഓടെയയായിരുന്നു സംഭവം. കളക്ടറേറ്റിലുള്ള ആർ.ടി ഓഫീസിൽ എത്തിയതായിരുന്നു ബന്ധുക്കളായ ഷെമീനയും സിദ്ധിഖും. ഇതിനിടിയിൽ ഇവരുടെ കാറിന് മുന്നിൽ അഡ്വ. കൃഷ്ണകുമാർ തന്റെ കാർ പാർക്ക് ചെയ്തു. ആർ.ടി ഒഫീസിൽ നിന്ന് മടങ്ങിയെത്തിയ ഷെമീനയും സിദ്ധിഖും കൃഷ്ണകുമാറിനോട് കാർ മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും കേസ് വിളിച്ചുതുടങ്ങിയതിനാൽ പെട്ടെന്ന് കൃഷ്ണകുമാർ കോടതിയിലേക്ക് ഓടി. പിന്നിൽ കോൺക്രീറ്റ് നിർമ്മിതിയും രണ്ട് വശങ്ങളിൽ മാറ്റ് വാഹനങ്ങളും കിടന്നതിനാൽ യുവതിക്കും യുവാവിനും തങ്ങളുടെ കാറെടുക്കാൻ മറ്റ് വഴികളില്ലായിരുന്നു. കൃഷ്ണകുമാർ കോടതിയിൽ നിന്ന് മടങ്ങിവന്നതോടെ ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കേറ്റം ഏറ്റുമുട്ടിലേക്ക് നീങ്ങുകയായിരുന്നു. സംഭമറിഞ്ഞ് സ്ഥലത്തെത്തിയ അഭിഭാഷകർ കൂട്ടത്തോടെ പിന്നീട് സിദ്ധിഖിനെ കൈയേറ്റം ചെയ്തു. യുവതിയും യുവാവുമെത്തിയ കാറിന്റെ കാറ്റും അഴിച്ചുവിട്ടു.
സംഭവത്തെക്കുറിച്ച് ഷെമീന പറയുന്നത്: കൃഷ്ണകുമാർ കോടതിയിൽ നിന്ന് പുറപ്പെടാൻ ഒരുങ്ങിയപ്പോൾ സിദ്ധിഖ് കാർ മാറ്റിനൽകാൻ ആവശ്യപ്പെട്ടു. കേൾക്കാതെ കോടതിയിലേക്ക് പോയി കൃഷ്ണകുമാറിന് പിന്നാലെ പോയി അപേക്ഷിച്ചെങ്കിലും കേട്ടില്ല. കോടതിയിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ വീണ്ടും കാർ മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ തന്നെയും സിദ്ധിഖിനെയും അസഭ്യം വിളിച്ചുകൊണ്ട് മർദ്ദിച്ചു. തുടർന്ന് അഭിഭാഷകർ കൂട്ടത്തോടെയെത്തി സിദ്ധിഖിനെ നിലത്തിട്ട് ചവിട്ടി. എന്നാൽ യുവതിയും യുവാവും തന്നെയാണ് ആദ്യം ആക്രമിച്ചതെന്ന് അഡ്വ. കൃഷ്ണകുമാർ പറഞ്ഞു. താൻ വാഹനത്തിന് സമീപം അല്പനേരം ഉണ്ടായിരുന്നിട്ടും വാഹനം മാറ്റാൻ ആവശ്യപ്പെട്ടിരുന്നില്ല. കോട്ട് ധരിച്ച് കോടതിയിലേക്ക് ഓടാൻ തുടങ്ങിയപ്പോഴാണ് വാഹനം മാറ്റാൻ പറഞ്ഞത്. മറ്റൊരു കേസ് കൂടി ഉണ്ടായിരുന്നിട്ടും വാഹനം മാറ്റി നൽകാൻ പിന്നീട് എത്തിയപ്പോൾ രണ്ടുപേരും ചേർന്ന് ആക്രമിച്ചു. മുഖത്തും വയറ്റിലും ഇടിയേറ്റ് താൻ നിലത്ത് വീണുവെന്നും കൃഷ്ണകുമാർ പറഞ്ഞു.
അഡ്വ. കൃഷ്ണകുമാറും സിദ്ധിഖും ഷെമീനയും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മൂന്ന് പേർക്കെതിരെയും കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |