നാലു കോടിയുടെ ടൂറിസം പദ്ധതികളും
കൊല്ലം: ദേശീയജലപാത പ്രവർത്തന ക്ഷമമാകുന്നതോടെ യാത്രാബോട്ടുകളും ടൂറിസ്റ്റ് യാനങ്ങളും അടുപ്പിക്കാനായി ചവറയിൽ പുതിയ ബോട്ട് ടെർമിനൽ സ്ഥാപിക്കുന്നു. 81.6 ലക്ഷത്തിന്റേതാണ് പദ്ധതി. ഇൻലാൻഡ് നാവിഗേഷൻ വകുപ്പിനാണ് നിർമ്മാണ ചുമതല.
പടന്നയിൽ ആരംഭിച്ച ടൂറിസ്റ്റ് കേന്ദ്രത്തിന്റെ സാദ്ധ്യതകളും ഏറുകയാണ്. ചവറ നിയോജക മണ്ഡലത്തിൽ നവകേരള സദസിന്റെ ഭാഗമായി അനുവദിച്ച 4 കോടിയുടെ ടൂറിസം പദ്ധതികളും വരുന്നുണ്ട്. സഞ്ചാരികളടക്കം എത്തുന്നതോടെ പുതിയ ബോട്ട് ടെർമിനൽ കൂടുതൽ പ്രയോജനപ്പെടും. ചവറ ഗ്രാമപഞ്ചായത്തിലെ മുക്കുത്തോട് ടി.എസ് കനാലിന് സമീപത്തുള്ള 124.9 സെന്റ് പുറമ്പോക്ക് ഭൂമിയിൽ കുട്ടികളുടെ പാർക്ക്, ആംഫി തിയേറ്റർ, ഹരിത ഇടങ്ങൾ, നടപ്പാത, ഓപ്പൺ ജിംനേഷ്യം, കഫറ്റേരിയ, പ്രകൃതി സൗഹൃദ പാർക്ക്, ബോട്ട്ജെട്ടി എന്നിവ ഒരുക്കുന്നുണ്ട്.
ദേശീയ ജലപാത, നീണ്ടകര വട്ടക്കായൽ, അഷ്ടമുടിക്കായൽ, സാമ്പ്രാണിക്കോടി എന്നിവിടങ്ങളുമായി ബന്ധപ്പെടുത്തിയ ബോട്ട് യാത്രകൾ ഇതോടെ സജീവമാകും. പുതിയ ബോട്ട് ടെർമിനൽ കൂടി എത്തുന്നത് വലിയ പ്രതീക്ഷയാണ് പകരുന്നത്. ചവറ ബസ് സ്റ്റാൻഡ് ചവറ പാലക്കടവ് മാർക്കറ്റിലേക്ക് മാറ്റും. അതിന്റെ തൊട്ടടുത്താണ് ബോട്ട് ടെർമിനൽ നിർമ്മിക്കുന്നത്.
ബോട്ട് ടെർമിനലിന്റെ കരാർ നടപടികളായി. കാലതാമസമില്ലാതെ നിർമ്മാണ ജോലികൾ തുടങ്ങാം
ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |