കൊല്ലം: ആഴക്കടൽ മത്സ്യബന്ധനത്തിന് വലിയ കപ്പലുകൾക്ക് അനുമതി നൽകുന്ന ചട്ടങ്ങൾ നടപ്പാക്കരുതെന്നും ഇവ മത്സ്യത്തൊഴിലാളികൾക്ക് ഗുണകരമായ വിധം ഭേദഗതി ചെയ്യണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിയോടും കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രിയോടും വിദേശകാര്യ വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു.
പുതിയ ചട്ടങ്ങൾ പരമ്പരാഗത തൊഴിലാളികളുടെ ഉപജീവനത്തെ ദോഷകരമായി ബാധിക്കും. വ്യവസായിക അടിസ്ഥാനത്തിൽ വൻകിട കോർപ്പറേറ്റുകൾ ആഴക്കടൽ മത്സ്യബന്ധനം ആരംഭിക്കുന്നതോടെ പരമ്പരാഗ മത്സ്യത്തൊഴിലാളികൾ ഇന്ത്യയുടെ തനത് സമുദ്ര സാമ്പത്തിക മേഖലയിൽ നിന്നും ആഴക്കടലിൽ നിന്നും നീക്കം ചെയ്യപ്പെടും. ആവാസ വ്യവസ്ഥയെയും മത്സ്യസമ്പത്തിനേയും താറുമാറാക്കും. അനാരോഗ്യകരമായ മത്സരത്തിന് വഴിതെളിക്കും. സാമ്പത്തികമായും സാങ്കേതികമായും പിന്നാക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് വമ്പന്മാരുമായി മത്സരിക്കാൻ കഴിയില്ല. ഇത് മേഖലയിൽ വലിയ അസമത്വത്തിനിടയാക്കും. സഹകരണ സംഘങ്ങൾക്ക് മുൻഗണനയെന്ന് വ്യവസ്ഥയുണ്ടെങ്കിലും സംയുക്ത സംരംഭം എന്ന പേരിൽ വൻകിട കോർപ്പറേറ്റുകളും വമ്പൻ കച്ചവടക്കാരും ആഴക്കടൽ മത്സ്യബന്ധനം കൈയടക്കും. മത്സ്യത്തൊഴിലാളികൾക്ക് കടലിലുളള പരമ്പരാഗതമായ അവകാശം നിഷേധിച്ച് നിക്ഷേപക സൗഹൃദമായി കടലിനെ മാറ്റുന്നതാണ് പുതിയ വ്യവസ്ഥകൾ. ബ്ലൂ എക്കണോമിയുടെ ഗുണഫലം കോർപ്പറേറ്റുകൾക്കും വൻകിട കച്ചവടസ്ഥാപനങ്ങൾക്കും മാത്രം ലഭ്യമാക്കുന്നതാണ് സർക്കാരിൻറെ നീക്കം. അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും നിയമവ്യവസ്ഥകൾ നടപ്പാക്കുന്നതിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |