കൊല്ലം: കൊല്ലം പോർട്ടിന് വീണ്ടും പ്രതീക്ഷ നൽകി തീരദേശ ചരക്ക് കപ്പൽ സർവീസ് പുനരാരംഭിക്കാനുള്ള നടപടികൾ കേരള മാരിടൈെം ബോർഡ് ആരംഭിച്ചു.
സർവീസ് നടത്താൻ താത്പര്യം പ്രകടിപ്പിച്ച് രണ്ട് കമ്പനികൾ മാരിടൈം ബോർഡിന് കത്ത് നൽകിയിരുന്നു. ഇവരുമായി വരും ദിവസങ്ങളിൽ ബോർഡ് ചർച്ച നടത്തും. ഗുജാറത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനികളാണ് എത്തിയിട്ടുള്ളത്.
പഴയ കപ്പലുകൾ വാങ്ങി അറ്റകുറ്റപ്പണി നടത്തി സർവീസിന് ഉപയോഗിക്കുന്ന കമ്പനികളാണിത്. ഇവരുമായി പ്രാഥമിക ചർച്ച നടത്തിയ ശേഷം കപ്പലുകളുടെ നിലവാരം പരിശോധിച്ചാകും സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുക. ഇതിന് സമാന്തരമായി മടക്ക ചരക്ക് ഉറപ്പാക്കാനുള്ള ശ്രമം പോർട്ട് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകും.
കുതിപ്പേകി തീരദേശ ചരക്ക് കപ്പൽ സർവീസ്
1. 2021 ജൂണിലാണ് ബേപ്പൂർ, അഴീക്കൽ, കൊച്ചി, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് തീരദേശ ചരക്ക് കപ്പൽ സർവീസ് മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്
2. റൗണ്ട് ദി കോസ്റ്റ് എന്ന കമ്പിനി എം.വി ചൗഗ്ലേ 8 എന്ന കപ്പലിലാണ് സർവീസ് നടത്തിയത്
3. ഗ്രീൻ ഫ്രെയിറ്റ് കോറിഡോർ എന്ന പേരിൽ കഴിഞ്ഞ സെപ്തംബർ 18ന് കൊച്ചിയിൽ നിന്ന് എഫ്.സി.ഐയുടെ ഭക്ഷ്യധാന്യവുമായി കൊല്ലത്തേക്ക് കപ്പലെത്തി
4. മടക്കച്ചരക്ക് ഇല്ലാതിരുന്നതിനാൽ കൊല്ലത്തേക്ക് കപ്പൽ വീണ്ടും കൊണ്ടുവരാൻ കമ്പനി തയ്യാറായില്ല
മടക്കച്ചരക്ക് ഉറപ്പാക്കാൻ ശ്രമം
1. മടക്കച്ചരക്ക് ഉറപ്പാക്കാനുള്ള ശ്രമം പോർട്ട് അധികൃതർ തുടങ്ങി
2. കൊച്ചിയിൽ നിന്ന് കൊല്ലത്തേക്ക് ചരക്ക് ലഭിക്കുന്നുണ്ട്
3. കൊച്ചിയിലേക്ക് ലോറി മാർഗം കൊണ്ടുപോകുന്ന ചരക്കുകൾ സംബന്ധിച്ച് പോർട്ട് പഠനം തുടങ്ങി
4. സ്വകാര്യ സംരംഭകരുമായി ചർച്ച പുരോഗമിക്കുന്നു
5. കെ.എം.എം.എൽ, കാഷ്യു ബോർഡ് എന്നിവയ്ക്ക് പുറമേ ഗ്രാനൈറ്റ്സ്, ടൈൽസ്, മത്സ്യവിഭവങ്ങൾ എന്നീ സംരംഭകരുമായും ചർച്ച
കൊച്ചി - ബേപ്പൂർ, അഴീക്കൽ പോർട്ടുകൾ കേന്ദ്രീകരിച്ച് സർവീസ് തുടർന്നെങ്കിലും നാലുമാസം മുമ്പ് സർവീസ് നിലച്ചു. ഇൻസെന്റീവ് സംബന്ധിച്ച തർക്കങ്ങളും സർവീസ് മുടങ്ങാൻ കാരണമായി.
കൊല്ലം പോർട്ട് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |