ചെമ്പ് : പതിറ്റാണ്ടുകൾ കാത്തിരുന്ന് പാലം വന്നപ്പോൾ വലിയ സന്തോഷത്തിലായിരുന്നു കാട്ടിക്കുന്ന് തുരുത്ത് നിവാസികൾ. പക്ഷേ ഇപ്പോൾ പുറത്തിറങ്ങാൻ വഴിയില്ല. പിന്നെങ്ങനെ പാലത്തിൽ കയറും? മഴയെത്തിയതോടെ വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തിലെ വഴികളെല്ലാം ചെളിക്കുളമായി. ചെമ്പ് പഞ്ചായത്തിൽ പതിനഞ്ചാം വാർഡിലെ നൂറിലധികം കുടുംബങ്ങളാണ് ചെളി നീന്തി പാലം കടക്കുന്നത്.
2013 ൽ പശ്ചാത്തല വികസനത്തിനായി പട്ടികജാതി വികസന വകുപ്പിന്റെ ഒരു കോടി രൂപയുടെ വിഹിതം കൊണ്ട് നിർമ്മിച്ച റോഡുകളാണ് കാട്ടിക്കുന്ന് തുരുത്തിലുള്ളത്. പുറംലോകവുമായി ബന്ധപ്പെടാൻ കടത്തായിരുന്നു ആശ്രയമെന്നതിനാൽ ഇതുവഴി ചെറുവാഹനങ്ങൾ മാത്രമായിരുന്നു പോയിരുന്നത്. പാലം തുറന്നതോടെ വലിയ വാഹനങ്ങളടക്കം എത്തിത്തുടങ്ങി. ഇതോടെ ദുരിതവും തുടങ്ങി. മഴ കൂടി ശക്തമായതോടെ ഇരട്ടി ദുരിതം. പൂണി മണൽ നിറച്ച റോഡ് ചെളിമയമായി. കാൽനടയാത്ര പോലും അസാദ്ധ്യം.
രണ്ടു കിലോമീറ്റർ, ഏഴ് റോഡ്
രണ്ട് കിലോമീറ്ററിലധികം വരുന്ന ഏഴ് റോഡുകളാണ് തുരുത്തിലുള്ളത്. പാലമിറങ്ങിയാൽ വീടുകളിലെത്താനുള്ള ശ്രായിൽ റോഡ്, തീരം റോഡ്,മുക്കം, ചിറയിൽ തറ റോഡ് തുടങ്ങി എല്ലാ റോഡുകളും ചെളിനിറഞ്ഞ് കിടക്കുകയാണ്. സ്‌കൂൾ തുറന്നതോടെ വിദ്യാർത്ഥികളടക്കമുള്ളവർ ചെളിതാണ്ടി വേണം പുറത്തിറങ്ങാൻ. യൂണിഫോമിമലടക്കം ചെളിവെള്ളം തെറിക്കുകയാണ്. പൂഴി മണ്ണിട്ട റോഡുകളുടെ പാലത്തിനോട് ചേർന്ന ഭാഗം പൂർണ്ണമായി തകർന്ന് കിടക്കുന്ന സ്ഥിതിയാണ്. ഇതോടെ പാലത്തിൽ വാഹനം വച്ച് നടന്ന് തുരുത്തിലേക്ക് പോകണം.
''
നാടിന്റെ വികസനത്തിന് വലിയ സാദ്ധ്യതകൾ തുറന്നിട്ടാണ് പാലം യാഥാർത്ഥ്യമായത്. പാലത്തിന് നീക്കിവച്ച തുകയിൽ മിച്ചമുള്ള 85 ലക്ഷം ഉപയോഗിച്ച് തുരുത്തിലെ പ്രധാന റോഡായ ശ്രായിൽ റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്യാനാകും. കുറച്ച് തുക കൂടി വേണ്ടിവരുന്നത് സർക്കാർ നൽകും. ഇതിന് പൊതുമരാമത്ത് വകുപ്പിന്റെ നിബന്ധനയനുസരിച്ച് അഞ്ചര മീറ്റർ വീതി വേണം. റോഡിന് വീതി കൂട്ടുന്നതിന് ഇരുവശങ്ങളിലെയും വീട്ടുകാർ ഭൂമി വിട്ടു നൽകണം. പതിനാറോളം ഭൂവുടമകളിൽ അഞ്ചുപേർ ഒഴികെയുള്ളവർ ഇതിന് സന്നദ്ധരാണ്. ജോസ് കെ.മാണി എം.പി തുരുത്തിലെ റോഡ് നിർമ്മാണത്തിനായി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
എ.ഡി.മദനൻ, സി.പി.എം കാട്ടിക്കുന്ന് തുരുത്ത് ബ്രാഞ്ച് സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |