കോട്ടയം: വേമ്പനാട്ടുകായലിൽ വർഷങ്ങളായ് അടിഞ്ഞു കൂടിയ മണ്ണും ചെളിയും മാറ്റി ആഴം കൂട്ടുന്നു. മീനച്ചിൽ ,പമ്പ, അച്ചൻകോവിൽ,മണിമല ആറുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം നിലവിൽ കായലിന് ഉൾകൊള്ളാൻ കഴിയാതുള്ള വെള്ളപ്പൊക്കത്തിന് ഇതോടെ ശമനമാകും. കുപ്പതൊട്ടിയായ് മാറിയ കായൽ ശുദ്ധിയാകുന്നത് മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കും. കായൽ ടൂറിസത്തിനും പ്രോത്സാഹനമാകും. നിർമാണ പ്രവർത്തനങ്ങൾക്ക് മണ്ണ് കണ്ടെത്താനാണ് വേമ്പനാട്ടു കായലിൽ ഡ്രഡ്ജിംഗിന് സർക്കാർ നീക്കം.വേമ്പനാട്ടുകായലിൽസ്ഥിരമായ് ഡ്രഡ്ജിംഗ് നടത്തണമെന്നത് കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയിട്ട് വർഷങ്ങളായിട്ടും നടപടിയൊന്നും ഇല്ലായിരുന്നു.
ദേശീയപാത നിർമ്മാണത്തിനാവശ്യമായ മണ്ണിന് വേമ്പനാട്ട് കായൽ ഡ്രഡ്ജ് ചെയ്യാൻ ആലപ്പുഴ ജില്ലാ കളക്ടറുടെ ഖനനാനുമതിയ്ക്കുള്ള ശുപാർശയ്ക്കു പുറമേ മീനച്ചിൽ മീനന്തലയാർ നദീസംയോജന പദ്ധതി സംഘാടകരും ഡ്രഡ്ജിംഗ് ആവശ്യം സർക്കാരിന് സമർപ്പിച്ചിരുന്നു .
പരിസ്ഥിതി പ്രശ്നമാകുമെന്നതിനാൽ കുന്നോ,മലകളോ ഇടിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വേമ്പനാട്ടു കായലിൽ അടിഞ്ഞു കൂടികിടക്കുന്ന ടൺ കണക്കിന് മണ്ണും ചെളിയും നീക്കം ചെയ്യുന്ന ആലോചന ശക്തമായത്. പരിസ്ഥിതി പ്രശ്നം ഉണ്ടാകാത്തതിനാൽ സർക്കാർ അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.
മാനദണ്ഡം വേണം
ആഴം കൂട്ടുന്നതിന്റെ മറവിൽ പരിസ്ഥിതിക്കു ദോഷം വരുത്തും വിധം കായലിൽഖനനംനടക്കാനിടയുണ്ടെന്ന ആശങ്ക പരിസ്ഥിതിശാസ്ത്രജ്ഞർ പ്രകടിപ്പിക്കുന്നു. കുഴിക്കുന്നതിന് മാനദണ്ഡം വേണം.ഖനനത്തിന് മുമ്പ് വിദഗ്ദ്ധ സമിതിയെ പഠനത്തിന് നിയോഗിക്കണം.
10 ലക്ഷം
കായലിൽ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും ഖനനം ചെയ്യുന്നതിലൂടെ 10ലക്ഷം ക്യുബിക്ക് മീറ്റർ മണ്ണ് കണ്ടെത്താമെന്നാണ് കരുതുന്നത്.
ശാസ്ത്രീയ ഖനനം നടത്തണം. 40 ലക്ഷം മുടക്കി നേരത്തേ ജലസേചനവകുപ്പ് ഡ്രഡ്ജിംഗ് നടത്തി കരയിൽ വാരിഇട്ട മണ്ണ് മഴയത്ത് വീണ്ടും കായലിൽ ഒഴുകി എത്തിയപോലുള്ള ഫണ്ടടിച്ചു മാറ്റൽ പരിപാടിക്കു പകരം സുതാര്യതയോടെ വിദഗ്ദരുടെ മേൽനോട്ടത്തിൽ വേണം ഖനനം നടത്തേണ്ടത്.
ഡോ.ബി.ശ്രീകുമാർ (കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |