കോട്ടയം:കാലവർഷം ശക്തിപ്രാപിക്കുന്നതിനൊപ്പം ജില്ലയിൽ ആശങ്കയും വർദ്ധിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തോരാമഴയാണ്. മഴ തുടരുന്നത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നു.
തോടുകളും ആറുകളും കരകവിയുന്ന സ്ഥിതിയാണ്. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ ഓടകൾ നിറഞ്ഞ് നിരത്തുകളിൽ പലയിടങ്ങളിലും വെള്ളക്കെട്ടായി.
കടപുഴകി മരങ്ങൾ
മരങ്ങൾ കടപുഴകി നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചു. എം.സി റോഡിൽ നാട്ടകം, വെമ്പള്ളി എന്നിവിടങ്ങളിൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. പെരുന്ന വില്ലേജ് ഓഫീസിന് മുൻപിലെ മരം കാറിന് മുകളിലേക്ക് വീണു. ഇത്തിത്താനം വടക്കേക്കര സ്‌കൂൾ കെട്ടിടത്തിന് മുകളിലേയ്ക്ക് മരം വീണ് നാശനഷ്ടമുണ്ടായി.. ഇന്നലെ സെന്റ് ഡൊമനിക്‌സ് കോളേജിന് സമീപത്തെ വൻമരം കാഞ്ഞിരപ്പള്ളി - കുമളി ദേശീയ പാതയിലേക്ക് വീണ് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കോരുത്തോട് പനയ്ക്കച്ചിറയിൽ പ്ലാവ് കടപുഴകി റോഡിലേക്ക് വീണു. വൈദ്യുതി കമ്പികൾക്ക് മുകളിലേക്കാണ് മരം പതിച്ചത്. മുണ്ടക്കയം പൊലീസ് സ്‌റ്റേഷന് മുകളിലേക്ക് മരം കടപുഴകിവീണു. അപകടങ്ങളിൽ ആർക്കും പരിക്കില്ല. വൈദ്യുതി കമ്പികൾ പൊട്ടി പ്രദേശങ്ങളിൽ വൈദ്യുതി തടസവും നേരിട്ടു. തുടർച്ചയായുള്ള മഴ ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകരെയും പ്രതിസന്ധിയിലാക്കി.
ജില്ലയിൽ മഞ്ഞ അലർട്ട്
കാലാവസ്ഥ വകുപ്പ് ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ജൂൺ ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് ലഭിച്ചത് 342.11 മില്ലി മീറ്റർ മഴയാണ്.
ശ്രദ്ധിക്കണം
അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
ഉറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവർ സുരക്ഷമുൻകരുതൽ എടുക്കണം.
അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ,പോസ്റ്റുകൾ,ബോർഡുകൾ നീക്കണം.
നദികളിൽ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കും ഇറങ്ങാൻ പാടില്ല.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |