പാലാ: അത് വേറിട്ട കാഴ്ചയായിരുന്നു. അമേരിക്കയിലെ ഫുൾ ബ്രൈറ്റ് അദ്ധ്യാപകരായ ആമി കാൻഡ്രലും മരിയ പ്രെസ്റ്റണും വരിച്ചുകാട്ടിയത് കേരളത്തിലെയും അമേരിക്കയിലെയും സ്കൂളുകൾ തമ്മിലുള്ള വ്യത്യാസമായിരുന്നു. ഗ്ലോബൽ ക്ലാസ് റൂമിന്റെ ഭാഗമായി കടൽകടന്നെത്തിയ അദ്ധ്യാപകരുമായി മൂന്ന് ദിവസങ്ങളിലായി നടത്തിയ സംവാദം പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പുതുഅനുഭമായി. ''ഇന്ത്യയിൽ ടീച്ചർമാർ കുട്ടികളെ തേടി ക്ലാസുകളിലേക്ക് വരികയല്ലേ. ഞങ്ങളുടെ നാട്ടിൽ അങ്ങനെയല്ല. കുട്ടികൾ അദ്ധ്യാപകരെ തേടിവരികയാണ്. ഓരോ വിഷയങ്ങൾക്കുമുള്ള അദ്ധ്യാപകർക്ക് ഓരോ മുറികളുണ്ട്. അവിടെ ആ വിഷയവുമായി ബന്ധപ്പെട്ട പഠനസാമഗ്രികൾ തയാറായിരിക്കും.''. ആമി കാൻഡ്രലും മരിയ പ്രെസ്റ്റണും വാചാലരായി. ഇവിടെ കുട്ടികൾക്കാണ് ക്ലാസ് റൂമെങ്കിൽ അമേരിക്കയിൽ ടീച്ചർമാർക്കാണ് ക്ലാസ് റൂം. ഇന്ത്യയിൽ തിയറി അടിസ്ഥാനമാക്കിയാണ് പഠനമെങ്കിൽ കുട്ടികൾക്ക് പ്രോജക്ടുകൾ നൽകിയാണ് അമേരിക്കയിൽ പഠനം മുന്നോട്ടുപോകുന്നത്. ഫുൾ ബ്രൈറ്റ് അദ്ധ്യാപകർ സന്ദർശിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമാണ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ.
കേരളീയ വേഷത്തിൽ ക്ലാസ് മുറിയിൽ
കേരളീയ വേഷമണിഞ്ഞാണ് ആമി കാൻഡ്രലും മരിയ പ്രെസ്റ്റണും ഇന്നലെ ക്ലാസ് മുറിയിലെത്തിയത്. സ്‌കൂളിലെ വിദ്യാർത്ഥിനികളാണ് ഇരുവരെയും സാരിയുടുപ്പിച്ചത്. തലയിൽ മുല്ലപ്പൂവും ചൂടിയിരുന്നു. ആമി കാൻഡ്രൽ സൈക്കോളജിയിലും സോഷ്യോളജിയിലും എഡ്യൂക്കേഷനിലും ബിരുദധാരിയും നീന്തൽ പരിശീലകയുമാണ്. മരിയ പ്രെസ്റ്റൺ അദ്ധ്യാപിക എന്നതിനൊപ്പം ചിത്രകാരിയും എഴുത്തുകാരിയുമാണ്.
സുനിൽ പാലാ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |