എരുമേലി : വീതി നന്നേ കുറവ്, ഓരം ചേർന്ന് മണിമലയാറിന്റെ തീരം. ഇതിനെല്ലാം പുറമേ റോഡരികിൽ ഡ്രൈവർമാരുടെ കാഴ്ചമറച്ച് കാട് കൂടി വളർന്നാലോ എന്താകും അവസ്ഥ. അപകടങ്ങൾക്ക് വഴിമരുന്നാകുമെന്ന് പറയാം. കൊരട്ടി - കണ്ണിമല പാതയിൽ ഇതാണ് സ്ഥിതി. കാൽനടയാത്ര പോലും അസാദ്ധ്യമായി. കണ്ണൊന്ന് തെറ്റിയാൽ വാഹനം മണിമലയാറ്റിലേക്ക് പതിക്കും. രാത്രികാലങ്ങളിലാണ് കൂടുതൽ ദുരിതം. ആവശ്യത്തിന് വെളിച്ചവുമില്ല. നല്ല റോഡായതിനാൽഅമിതവേഗതയിലാണ് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്. മഴ പെയ്താൽ വശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കാട് കൂടി തിങ്ങിനിൽക്കുന്നതിനാൽ കാൽനടയാത്രക്കാർ റോഡിലേക്കിറങ്ങി നടക്കേണ്ട ഗതികേടിലാണ്. ഇത് അപകടഭീഷണിയും ഉയർത്തുന്നു. വാഹനങ്ങൾ പോകുമ്പോൾ ചെളിവെള്ളം യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും പതിവാണ്. കാടുകൾ വെട്ടിത്തെളിക്കണമെന്ന് ഏറെ നാളായി നാട്ടുകാർ ആവശ്യപ്പെട്ടിട്ടും അധികൃതർ പുറംതിരിഞ്ഞ് നിൽക്കുകയാണ്. എരുമേലി ടൗൺ റോഡിൽ ഇളപ്പുങ്കൽ ഭാഗം മുതൽ കൊരട്ടി വരെയും സമാനസ്ഥിതിയാണ്.
പഴിചാരി പഞ്ചായത്തും, പൊതുമരാമത്തും
രാവിലെയും, വൈകിട്ടും നിരവധി വിദ്യാർത്ഥികളാണ് ഇതുവഴി പോകുന്നത്. പാമ്പടക്കം ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. എരുമേലി - മുണ്ടക്കയം പഞ്ചായത്തുകളുടെ അതിർത്തി ആയതിനാൽ കാടുകൾ നീക്കാൻ പഞ്ചായത്ത് ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. പൊതുമരാമത്ത് വകുപ്പാണ് കാടുകൾ വെട്ടി നീക്കേണ്ടതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.
റോഡിന്റെ ദൈർഘ്യം : 2 കിലോമീറ്റർ
''ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. വാഹനങ്ങളെ മാത്രം പോരാ ഇഴജന്തുക്കളെയും പേടിക്കേണ്ട സ്ഥിതിയാണ്. പരസ്പരം പഴിചാരൽ ഒഴിവാക്കി എത്രയും വേഗം കാട് തെളിക്കാൻ നടപടി വേണം.
ജോണി, യാത്രക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |