കോട്ടയം: ബയോഫ്ലോക്ക് ടാങ്കിന് പിന്നാലെ ഓരുജല ബയോഫ്ലോക്ക് കുളങ്ങളുടെ നിർമ്മാണത്തിന് ജില്ലയിൽ തുടക്കമായി. ബയോഫ്ലോക്ക് ടാങ്കുകളിലെ മത്സ്യങ്ങൾ വിൽക്കാൻ സാധിക്കാതെ കടക്കെണിയിലായ കർഷകരുടെ ദുരിതം മുമ്പിൽ നിൽക്കുമ്പോഴാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പി.എം.എസ്.എസ്.വൈ) യുടെ കീഴിലാണ് പദ്ധതി. പുതിയ പദ്ധതിയിലേക്ക് അപേക്ഷയും ക്ഷണിച്ചു. 0.1 ഹെക്ടർ (25 സെന്റ്), ബയോഫ്ലോക്ക് കുളം നിർമ്മിച്ച് മത്സ്യം വളർത്തുന്നതിന് 18 ലക്ഷം രൂപയാണ് ചെലവ്. 40 ശതമാനം ഗുണഭോക്താവിന് സബ്‌സിഡിയായി നൽകുന്നതാണ് പദ്ധതി.
ബയോഫ്ലോക്ക്
മത്സ്യത്തിന് ആവശ്യമായ സൂക്ഷ്മ ജീവികൾ അടങ്ങുന്ന ആഹാരസാധനങ്ങൾ ടാങ്കിൽ തന്നെ ഉത്പാദിപ്പിച്ച് മത്സ്യം വളർത്തുന്നത് വഴി കൃത്രിമ തീറ്റയുടെ അളവു കുറച്ച് കൃഷി ലാഭകരമാക്കാം എന്നതായിരുന്നു പ്രത്യേകത. പ്ലാസ്റ്റിക് ഷീറ്റിൽ ഉണ്ടാക്കുന്ന ടാങ്കിലാണ് കൃഷി. ആറാം മാസത്തിൽ വിളവെടുക്കാവുന്ന രീതിയിലാണ് കൃഷി.
കടക്കണിയിൽ മുങ്ങി കർഷകർ:
യുവകർഷകർ ഉൾപ്പെടെ നിരവധി പേരാണ് ബയോഫ്ലോക്ക് കൃഷിയിലേക്ക് തിരിഞ്ഞത്. കൃത്യമായ വിപണന സാദ്ധ്യത കണ്ടെത്താൻ കഴിയാതെ പലരും കടക്കെണിയിലായി. പിന്നാലെ കൃഷി ഉപേക്ഷിച്ചു. കർഷകരുടെ വിറ്റുപോകാത്ത മീനുകൾ സംഭരിക്കാൻ ഫിഷറീസ് വകുപ്പും തയാറായില്ല. ഗുണനിലവാരം കുറഞ്ഞ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വളർത്തുമത്സ്യങ്ങളുടെ കടന്നുവരവും വലിയ പണച്ചിലവുമാണ് പദ്ധതി പരാജയപ്പെടാൻ കാരണം. വളർത്തുമത്സ്യങ്ങളുടെ കയറ്റുമതിയിൽ ഇടിവ് നേരിട്ടതും പ്രതിസന്ധിക്ക് കാരണമായി.
മാലിന്യങ്ങൾ നൽകി വളർത്തുന്ന ആന്ധ്രാപ്രദേശിൽ നിന്നുള്ള വില കുറഞ്ഞ മത്സ്യങ്ങളാണ് വിപണി കീഴടക്കുന്നത്. വളർത്തുമത്സ്യ കർഷകരെ സഹായിക്കുന്നതിനുള്ള നടപടികൾ ഫിഷറീസ് വകുപ്പിൽ നിന്നും ഉണ്ടാകുന്നില്ല. (എബി ഐപ്പ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |