മുണ്ടക്കയം : തിരക്കേറിയ ഈ ടൗണിൽ യാത്രക്കാർ എങ്ങനെ റോഡ് മുറിച്ചുകടക്കും? ശരിക്കും പെട്ടുപോകും എന്നതാണ് അവസ്ഥ. 6 മാസത്തിനിടെ നടന്നത് പത്ത് അപകടങ്ങൾ. മുണ്ടക്കയത്തെ സീബ്രാലൈനുകൾ മാഞ്ഞതാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നത്. മുണ്ടക്കയം സ്റ്റാൻഡിനും കൂട്ടിക്കൽ കവലക്കുമിടയിലുള്ള ഭാഗത്താണ് അപകട സാദ്ധ്യതയേറെ. മാസങ്ങൾക്ക് മുൻപ് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെ അമിതവേഗത്തിലെത്തിയ കാറിടിച്ചിട്ട് നിറുത്താതെ പോയി. ഈ ഭാഗത്ത് ടൈൽപാകിയതോടെയാണ് സീബ്രാലൈനുകൾ അപ്രത്യക്ഷമായത്. വഴിപരിചയമില്ലാത്ത വാഹനങ്ങൾ അമിതവേഗത്തിൽ എത്തുമ്പോൾ റോഡ് കുറുകെ കടക്കുന്ന യാത്രക്കാർ റോഡിന്റെ മദ്ധ്യഭാഗത്ത് കുടുങ്ങും. ദിവസേന വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ദേശീയപാത മുറിച്ചുകടക്കുന്നത്. മുണ്ടക്കയം സർക്കാർ ആശുപത്രി ജംഗ്ഷനിൽ അശാസ്ത്രീയമായി സീബ്രാലൈനുകൾ വരച്ചിരിക്കുന്നതിനാൽ കിഴക്കുഭാഗത്തുനിന്നുവരുന്ന വാഹന യാത്രക്കാരുടെ ശ്രദ്ധയിപ്പെടില്ല. ഇത് അപകടങ്ങൾക്കിടയാക്കും.
പരിഹാരമുണ്ട്, മനസ് വച്ചാൽ
കൂട്ടിക്കൽ റോഡ് ജംഗ്ഷനിൽ സീബ്രാലൈനുകൾ സ്ഥാപിച്ചാൽ ഒരു പരിധിവരെ അപകടമൊഴിവാക്കാം. ബസ് സ്റ്റാൻഡിലെ അപകടങ്ങൾ ഒഴിവാക്കുന്നതിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും വർഷങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ച ഗതാഗത പരിഷ്‌കരണങ്ങളും നടപ്പായില്ല. ബസുകൾ ഇറങ്ങി വരുന്ന പാതയിൽ നിറുത്തിയിടരുത്, ദേശീയപാതയിൽ പ്രവേശിച്ച് കഴിഞ്ഞാൽ പിന്നെ പെട്രോൾ പമ്പ് കവലയിൽ അല്ലാതെ ഇടയ്ക്ക് നിറുത്തരുത് തുടങ്ങിയ നിർദ്ദേശങ്ങളും പാളി. ടി.ബി ജംഗ്ഷനും മുണ്ടക്കയം സ്റ്റാൻഡിനുമിടയിലായി സീബ്രാലൈനുണ്ടെങ്കിലും ഇതിനോടു ചേർന്ന് ബാരിക്കേഡുകൾ വച്ചിരിക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്.
''കൂടുതൽ അപകടങ്ങൾക്ക് കാത്തുനിൽക്കാതെ കാൽനടയാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ സൗകര്യം ഒരുക്കണം.
സുരേഷ്, യാത്രക്കാരൻ
ആറുമാസം : 10 അപകടം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |