കോട്ടയം: വെളിച്ചത്തിന്റെ കണികപോലുമില്ല. സന്ധ്യമയങ്ങിയാൽ നാടും നഗരവും ഇരുട്ടിലമരും. വഴിവിളക്ക് ഇല്ലാഞ്ഞിട്ടല്ല. എല്ലാം പണിമുടക്കിലാണ്. അറ്റകുറ്റപണിയില്ല, തെളിയില്ല, ഒന്നും വഴികാട്ടില്ല. നിലാവ് പദ്ധതിയാവട്ടെ നിലാവത്തായ അവസ്ഥയാണ്. നഗരസഭാ പരിധിയിൽ കെ.കെ റോഡ്, എം.സി റോഡ്, എം.എൽ റോഡ്, ടി.ബി റോഡ്, ലോഗോസ് റോഡ്, കോടിമത നാലുവരിപ്പാത, ഈരയിൽക്കടവ് ബൈപ്പാസ് റോഡ് എന്നിവിടങ്ങൾ ഇരുട്ടിലാണ്.
നഗരസഭാ കൗൺസിൽ യോഗത്തിൽ നിലാവ് പദ്ധതി പ്രകാരം പുതിയ ബൾബുകൾ സ്ഥാപിക്കുന്നതിന് തീരുമാനമായിരുന്നു. 52 വാർഡുകളിലായി 10718 ബൾബുകളാണ് സ്ഥാപിച്ചിരിക്കുന്നത്. മുനിസിപ്പൽ പരിധിയിൽ പഴയ ബൾബുകൾ മാറ്റി എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാൽ നാളിതുവരെ ബൾബുകൾ സ്ഥാപിക്കാൻ നടപടിയായില്ല.
ഇവിടെ എന്ത് സുരക്ഷയില്ല
കാൽനടയാത്രികർക്കും മറ്റ് യാത്രക്കാർക്കും ആശ്രയം വ്യാപാരസ്ഥാപനങ്ങളിലെ വെളിച്ചം മാത്രമാണ്. ഇരുട്ടിന്റെ മറവിൽ സ്ത്രീ യാത്രികർക്ക് നേരെയുള്ള സാമൂഹ്യവിരുദ്ധരുടെ അതിക്രമങ്ങളും വർദ്ധിക്കുകയാണ്. ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും വന്നിറങ്ങുന്ന സ്ത്രീകൾ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ടൗണിലെ എട്ടോളം കടകളിൽ ഒരേസമയം മോഷണങ്ങൾ നടന്നത്.
ആറ് മാസമായി വെളിച്ചമില്ല:
അയ്മനം മുതൽ പുലിക്കുട്ടിശ്ശേരി വരെയുള്ള പ്രധാന റോഡുകൾ ഇരുട്ടിലായതോടെ നാട്ടുകാരും ബുദ്ധിമുട്ടിലായി. പഞ്ചായത്തിലെ പ്രധാന റോഡുകളും ഇടറോഡുകളും ഉൾപ്പെടെ ഇരുട്ടിലാണ്. അറ്റകുറ്റപ്പണികൾ യഥാസമയത്ത് നടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. പഞ്ചായത്ത് നേരിട്ടാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. കഴിഞ്ഞ ആറ് മാസത്തോളമായി അറ്റകുറ്റപണികൾ അവതാളത്തിലാണ്.
അറ്റകുറ്റപ്പണി സംവിധാനങ്ങൾ മെച്ചപ്പെടുത്തിയും സാധന സാമഗ്രികൾ ലഭ്യമാക്കിയും ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചും പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കും. (ബിജു മാന്താറ്റിൽ പഞ്ചായത്തംഗം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |