കോട്ടയം: ഇടുങ്ങിയ മുറിയിൽ ലേബർക്യാമ്പിന് സമാനമായ ജീവിതം. അട്ടിയടുക്കിയത് പോലെ കഴിയേണ്ട ഗതികേട്. വൃത്തിയുള്ള ഭക്ഷണമില്ല. വീട്ടിൽ നിന്ന് വിട്ടുനിന്ന് പഠിക്കാനും ജോലിക്കെത്തുന്നവരെയും പിഴിയുകയാണ് ഹോസ്റ്റൽ നടത്തിപ്പുകാർ. കൂണുപോലെ അങ്ങനെ പൊട്ടിമുളയ്ക്കുകയാണ് ഹോസ്റ്റലുകൾ. ഇവിടങ്ങളിൽ ഭക്ഷ്യവിഷബാധയും തുടർക്കഥയാണ്. ഹോസ്റ്റൽ നടത്തിപ്പ് വലിയ ബിസിനസായതോടെ എങ്ങനെയും കാശുണ്ടാക്കുകയെന്നതിലേയ്ക്കായി കാര്യങ്ങൾ. കഴിഞ്ഞദിവസം ജില്ലയിലെ ഹോസ്റ്റലുകളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. പൂത്തതും പഴകിയതുമായ ഭക്ഷണം ചൂടാക്കി വിളമ്പാൻ തയാറാക്കി വച്ചിരിക്കുന്നു. വറപൊരി വിഭവങ്ങൾ തയാറാക്കുന്നത് പഴകിയ എണ്ണയിൽ. നേരേ ചൊവ്വെ പ്രവർത്തിക്കാതെ ഫ്രീസറിൽ മത്സ്യമാംസാദികൾ. ശുദ്ധജലം പോലും പലപ്പോഴും ലഭ്യമല്ല. കോളേജ് ഹോസ്റ്റലുകളുടേയും സ്ഥിതി മറിച്ചല്ല. ലൈസൻസില്ലാത്ത ഹോസ്റ്റലുകളും കാന്റീനുകളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.
അടച്ചുപൂട്ടി, എട്ടു സ്ഥാപനങ്ങൾ
107 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ടു സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 25 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാനുള്ള നോട്ടീസും 10 സ്ഥാപനങ്ങൾക്ക് അപാകതകൾ പരിഹരിക്കാനും നോട്ടീസും നൽകി. എന്നാൽ ഈ പരിശോധനകളൊക്കെ പേരിന് മാത്രമാകുന്നു. നടപടിയെടുത്ത ഹോസ്റ്റലുകളുടെ പേര് വിവരങ്ങൾ പുറത്തുവിടാൻപോലും ഉദ്യോഗസ്ഥർ തയാറായിട്ടില്ല.
10 ലക്ഷം വരെ പിഴയിടാം പക്ഷേ
ഭക്ഷ്യസുരക്ഷ നിയമപ്രകാരം സുരക്ഷ ലൈസൻസ് ഇല്ലാതെ ഭക്ഷണസാധനങ്ങൾ ഉത്പാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാൻ പാടില്ല. ലൈസൻസ് ഇല്ലാതെ സ്ഥാപനം നടത്തുന്നത് 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഒരാൾക്കും ഭീമമായ പിഴ ചുമത്തിയിട്ടില്ല.
ഇതും ശ്രദ്ധിക്കണം
ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധം
വെള്ളത്തിന്റെ ഗുണനിലവാര റിപ്പോർട്ട് സൂക്ഷിക്കണം
ഭക്ഷണം പാചകം ചെയ്യുന്നവർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
ഹോസ്റ്റൽ ഫീസ്: 6,000 മുതൽ
പേയിംഗ് ഗസ്റ്റുകളും
അല്പം ഫീസ് കൂടുമെങ്കിലും വീട്ടന്തരീക്ഷത്തിൽ കഴിയാമെന്നതിനാൽ ഇപ്പോൾ പേയിംഗ് ഗസ്റ്റുകളുടെ എണ്ണവും കൂടുകയാണ്. നഗരത്തിൽ പേയിംഗ് ഗസ്റ്റുകൾ വീട്ടുടുമകളുടെ പ്രധാന വരുമാനമാർഗമാണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് കഴിയാം. ഒരു മുറിയിൽ പരമാവധി രണ്ട് പേർ. വൃത്തിയുള്ള അന്തരീക്ഷം ഇതൊക്കെയാണ് പേയിംഗ് ഗസ്റ്റായാലുള്ള ഗുണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |