ചരിത്രത്തോടൊപ്പം സഞ്ചരിച്ച വൈക്കം പൊലീസ് സ്റ്റേഷനായി കൈകോർക്കാൻ ഒരേ മനസോടെ തയാറാവുകയാണ് വൈക്കംകാർ. വൈക്കം സ്റ്റേഷനിലെ പരാധീനകൾ പരിഹരിക്കണമെന്ന് അവർ ഒരേ മനസോടെ അഭിപ്രായപ്പെടുന്നു. ഈ വിഷയത്തിൽ രാഷ്ട്രീയഭേദമെന്യേ അവർ ഒറ്റക്കെട്ടാണ്.
വൈക്കം പൊലീസ് സ്റ്റേഷനിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചരിത്രം ഒരു വശത്ത്, പരാധീനത മറുവശത്ത് എന്ന തലക്കെട്ടിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയോട് വൈക്കം നിവാസികൾ ഒരേമനസോടെ മനസ് തുറക്കുകയും ചെയ്തു.
രാജ്യത്തെ തന്നെ ഏറ്റവും മികച്ച പൊലീസിംഗാണ് കേരളത്തലേത്. പൊലീസിന് കാര്യക്ഷമവുമായി പ്രവർത്തിക്കാൻ വേണ്ട സംവിധാനങ്ങളൊരുക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എൽ.ഡി.എഫ് സർക്കാർ അത് ചെയ്യുന്നുമുണ്ട്. എന്നിരുന്നാലും മറ്റേതൊരു രംഗത്തുമുള്ളത് പോലെ പൊലീസിനും അസൗകര്യങ്ങൾ ഉണ്ടാവാം. അത് അവരുടെ കാര്യക്ഷമതയെയും ബാധച്ചേക്കാം. കേരളകൗമുദി പോലുള്ള മാധ്യമങ്ങൾ അത് ശ്രദ്ധയിൽ കൊണ്ടുവരുന്നത് സ്വാഗതം ചെയ്യുന്നു. വൈക്കം പൊലീസ് സ്റ്റേഷനിൽ പരാധീനതകളുണ്ടെങ്കിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തും.
അഡ്വ.കെ.കെ.രഞ്ജിത്ത്
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പൊലീസ് സ്റ്റേഷനിൽ ആവശ്യമായ വാഹനങ്ങൾ ഇല്ലാത്തതും സ്റ്റേഷനുകളിലെ ശൗചാലയങ്ങളുടെ പരിമിതിയും പരിഹരിക്കണം. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അവർ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെ പ്രതികൂലമായി ബാധിക്കും. വൈക്കം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം.
ബി. അനിൽകുമാർ
യു.ഡി.എഫ് വൈക്കം നിയോജകമണ്ഡലം കൺവീനർ
കേരള പൊലീസ് രാജ്യത്തെ പൊലീസ് സംവിധാനത്തിനാകെ മാതൃകയാണ്. അത് നിലനിർത്താനും സംസ്ഥാനത്തെ പൊലീസിന്റെ പ്രവർത്തനം കുറ്റമറ്റതാക്കാനും അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുള്ള സർക്കാരാണ് കേരളത്തലേത്. വൈക്കം പൊലീസ് സ്റ്റേഷന്റെ പരാധീനതകൾ പരിഹരിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്.
പി.പ്രദീപ്
സി.പി.ഐ വൈക്കം മണ്ഡലം അസി.സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |