കോട്ടയം: പ്രിയപ്പെട്ടവരെ കണ്ണീർക്കടലിലാക്കി ,ചേട്ടൻ ദേവദത്തൻ നൽകിയ അന്ത്യചുംബനം ഏറ്റുവാങ്ങി ദേവനന്ദൻ അനന്തയിലേയ്ക്ക് മറഞ്ഞു. ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥി കോട്ടയം മറ്റക്കര പൂവക്കുളം അശ്വതിവിലാസത്തിൽ ബി.ദേവനന്ദന് (19) നാട് ഹൃദയേവേദനയോടെ
യാത്രാമൊഴിയേകി.
മുത്തശ്ശി തങ്കമ്മയുടെ മോനേയെന്നുള്ള വിളി കൂടി നിന്നവരെയും കരയിച്ചു. ക്രിസ്‌മസിനെത്താമെന്ന വാക്കു നൽകി മടങ്ങിയ കൊച്ചുമകന്റെ ചേതനയറ്റ ശരീരം തങ്കമ്മയ്ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. വേദനയോടെ ബന്ധുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിലെ സഹപാഠികളും അവസാനമായി ദേവനന്ദനെ ഒരു നോക്ക് കാണാനെത്തിയിരുന്നു.
കോട്ടയം മറ്റക്കരയിലെ തറവാട് വീടിനോട് ചേർന്നൊരുക്കിയ ചിതയിൽ ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ മൃതദേഹം സംസ്ക്കരിച്ചു. ദേവനന്ദന്റെ പിതൃസഹോദര പുത്രൻമാരായ നന്ദദേവ്, ആദിദേവ് എന്നിവർ ചേർന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയെരിയുന്നത് കാണാൻ കഴിയാതെ മാതാപിതാക്കളായ ബിനുരാജും രഞ്ജിമോളും മുത്തച്ഛൻ നാരായണപിള്ളയും മുത്തശ്ശി തങ്കമ്മയും വീട്ടിൽ തന്നെ തുടർന്നു.പോണ്ടിച്ചേരിയിൽ മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ ദേവദത്തൻ ചൊവാഴ്ചയാണ് നാട്ടിലെത്തിയത്. ദേവനന്ദന്റെ മൃതദേഹം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെ വീട്ടിലെത്തിച്ചിരുന്നു.ചൊവാഴ്ച രാത്രിയിലും ഇന്നലെ രാവിലെയുമായി നൂറു കണക്കിനുപേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |