കോട്ടയം: നീളം കൂടിയ വടി അരിയോട് മലയാളികൾ താത്പര്യം കാട്ടുമ്പോൾ കൃഷി വകുപ്പ് കർഷകർക്ക് നൽകുന്നത് വിപണിയിൽ ഡിമാൻഡില്ലാത്ത ഉണ്ട അരി ഉമയുടെ വിത്ത്. വടി നെല്ലിന് വിപണിയിയിൽ കിലോയ്ക്ക് 40 രൂപ വരെ വിലയുണ്ട്. ഉണ്ട അരിക്ക് 30 ൽ താഴെയാണ്. കൃഷി ചെയ്ത കർഷകർ പോലും അരിയായി ഉപയോഗിക്കാത്ത ഉണ്ട നെല്ലിനോട് മില്ലുകാർക്കും താത്പര്യമില്ലെങ്കിലും കൃഷി വകുപ്പ് ഇതാണ് പ്രോത്സാഹിപ്പിക്കുന്നത്. മലയാളികൾ കൂടുതൽ ഉപയോഗിക്കുന്ന ജയ അടക്കം വെള്ള അരി വിത്തും നൽകാറില്ല വിത്തു ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും അന്യ സംസ്ഥാനത്തെ അരി ലോബിയുമാണ് ഇതിന് പിന്നിൽ കളിക്കുന്നതെന്നാണ് കർഷകരുടെ ആരോപണം.
കർഷകരിൽ നിന്നു സംഭരിക്കുന്ന ഉണ്ട നെല്ല് അരിയാക്കി റേഷൻ വിതരണത്തിന് സർക്കാരിന് കൈമാറുന്ന സ്വകാര്യമില്ലുകൾ കാലിത്തീറ്റക്കും കോഴിതീറ്റക്കുമായി തമിഴ്നാട്ടിലേക്കും അയക്കും. അന്യ സംസ്ഥാനങ്ങളിൽ നിന്നു വാങ്ങുന്ന നെല്ല് കുത്തുന്ന വടി അരിയാണ് ബ്രാൻഡഡ് അരിയായി അവർ വിൽക്കുന്നത്. റേഷൻ കടകളിലേക്ക് നൽകുന്ന ഉണ്ട അരി പെട്ടെന്ന് വെന്തു കലങ്ങും . കയ്പ്പു രുചിയുള്ളതിനാൽ വാങ്ങാൻ കാർഡ് ഉടമകൾ താത്പര്യം കാട്ടുന്നില്ല. സമീപ സംസ്ഥാനങ്ങളിൽ നിന്ന് കേരള വിപണിയിൽ എത്തുന്നതും വടി അരിയാണ്.
രോഗബാധയും വിളവ് കുറവും
കുറഞ്ഞ ദിവസത്തിനുള്ളിൽ കൂടുതൽ വിളവും രോഗപ്രതിരോധ ശേഷിയും ഉമ വിത്തിനുണ്ടെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോൾകാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ കഴിയാതെ രോഗബാധയും വിളവ് കുറവും ഉണ്ടെന്നാണ് കർഷകർ പറയുന്നത്.
രണ്ടാം കൃഷിയുടെ നെല്ല് സംഭരിച്ചതിന്റെ പണം രണ്ടു മാസത്തിലേറെയായി കുടിശികയാണെങ്കിലും നിലം തരിശിട്ടാൽ കള കയറി അധിക ചെലവാകുമെന്നതിനാൽ കടം വാങ്ങിയും ഒന്നാം കൃഷിക്കുള്ള ഒരുക്കത്തിലാണ് കർഷകർ. വിത അടുത്ത മാസം ആരംഭിക്കും. ഉമ വിത്ത് തന്നെയാണ് കൃഷി വകുപ്പിന്റെ കൈവശമുള്ളത്.
അപ്പർ കുട്ടനാട്ടിൽ വിരിപ്പുകൃഷി ആരംഭിക്കാൻ കർഷകർ തയ്യാറെടുക്കുന്ന സാഹചരൃത്തിൽ വിപണിയിൽ ഡിമാൻഡ് ഉള്ള വടിഅരിയുടേയൊ വെള്ള അരിയുടെ വിത്തുകൾ കർഷകർക്ക് ലഭ്യമാക്കാൻ കൃഷി വകുപ്പ് നടപടി സ്വീകരിക്കണം.
എബി ഐപ്പ് (കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |