കോട്ടയം : മഴ കനക്കുകയാണ്. പടിഞ്ഞാറൻ നിവാസികളുടെ മനസിൽ ആശങ്കയും പെയ്തിറങ്ങുന്നു. കോട്ടയം - കുമരകം റോഡിലും, ഇടവഴികളിലുമടക്കം വെള്ളം കയറിത്തുടങ്ങി. ഇന്നലെ രാവിലെ കാര്യമായ മഴ പെയ്യാതിരുന്നത് കിഴക്കൻ വെള്ളത്തിന്റെ വരവ് കുറച്ചെങ്കിലും ഉച്ചയ്ക്ക് ശേഷം അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കോട്ടയം, വൈക്കം താലൂക്കുകളിലായി ആയിരത്തിലേറെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മണർകാട്, വിജയപുരം പഞ്ചായത്തുകളിലും കോട്ടയം, ഏറ്റുമാനൂർ നഗരസഭാ പരിധികളിലും ചില ഭാഗങ്ങളിൽ വെള്ളമിറങ്ങി. എന്നാൽ കാര്യമായി മഴമാറി നിൽക്കാത്തതാണ് വില്ലനാകുന്നത്. വീടുകളിലും തൊഴുത്തുകളിലുമടക്കമുള്ള വെള്ളം പൂർണമായി ഇറങ്ങേണ്ടതുണ്ട്. പരമാവധി പേർ വീട്ടുപകരണങ്ങൾ ഉയർത്തിവയ്ക്കുകയോ, സുരക്ഷിത സ്ഥാനങ്ങളലേക്കു മാറ്റുകയോ ചെയ്തതിനാൽ നഷ്ടക്കണക്കിൽ കുറവുണ്ട്.
പ്രളയ മുന്നറിയിപ്പ്
മണിമല, മീനച്ചിൽ, മൂവാറ്റുപുഴയാറുകളിൽ പ്രളയ മുന്നറിയിപ്പ് നിലനിൽക്കുകയാണ്. നിലവിൽ മണിമലയാറിന്റെ പരിസരപ്രദേശങ്ങളിലെ വീടുകൾ സുരക്ഷിതമാണ്. തിരുവാർപ്പ്, അയ്മനം, കുമരകം പഞ്ചായത്തുകളിലും വൈക്കം താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ പാടശേഖരങ്ങളും തോടുകളും നിറഞ്ഞു. ഇവിടങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി. മീനച്ചിലാറിന്റെ കൈവഴികളിൽ ഒറ്റപ്പെട്ടു പോയവരെ വെള്ളം നിറഞ്ഞ റോഡിലൂടെ വള്ളത്തിലാണ് രക്ഷിച്ച് ക്യാമ്പുകളിലേയ്ക്ക് മാറ്റുന്നത്. കുമരകം, വൈക്കം പ്രദേശങ്ങളിൽ വെള്ളം കയറാൻ സാദ്ധ്യതയുള്ള മുഴുവൻ പ്രദേശങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിച്ചു.
ആശ്വാസത്തിൽ മലയോരം
മഴയ്ക്ക് അല്പം ശമനമുണ്ടായത് മലയോര മേഖലയ്ക്ക് ആശ്വാസമായി. പുല്ലകയാറ്റിലേയും മണിമലയാറ്റിലേയും ജലനിരപ്പ് താഴ്ന്നു. മഴ വീണ്ടും ശക്തിപ്പെട്ടാൽ മാറ്റി പാർപ്പിക്കേണ്ടവരുടെ ലിസ്റ്റും, കൂടുതൽ ക്യാമ്പുകൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകളും റവന്യൂ വകുപ്പ് നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |