കോട്ടയം: ഓരോ ദിവസത്തേയും ട്രിപ്പുകൾ കഴിയുമ്പോൾ സ്വകാര്യ ബസ് മേഖല തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക്. ഇന്ധനം, വേതനം അടക്കം പ്രതിദിനം 13,000 മുതൽ 1,5000 രൂപ ചിലവ് വരുമ്പോൾ വരുമാനം ശരാശരി 15,000 മുതൽ 18,000 രൂപ വരെയാണെന്ന് ഉടമകൾ പറയുന്നു. യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായത് വലിയ തിരിച്ചയടിയായെന്നും സ്വകാര്യ ബസുടമകൾ പറയുന്നു.
കർശനമായ പെർമിറ്റ് നിയന്ത്രണങ്ങൾ, തൊഴിലാളി ക്ഷാമം, വർദ്ധിച്ച പ്രവർത്തനച്ചെലവ് എന്നിവയും ഈ മേഖലയെ തളർത്തുന്നു .
കൊവിഡിന് ശേഷമാണ് സ്വകാര്യ ബസ് മേഖല കൂടുതൽ പ്രതിസന്ധിയിലായത്. ഇന്ധനവിലയിൽ സബ്സിഡിയും നികുതിയിളവും ഉൾപ്പെടെ കാര്യക്ഷമമായ പാക്കേജുകൾ ഈ മേഖലയുടെ നിലനില്പിന് ആവശ്യമാണെന്ന് വർഷങ്ങളായി തങ്ങൾ പറയുന്നുണ്ടെങ്കിലും അധികാരികൾ മുഖം തിരിക്കുകയാണെന്നും ബസുടമകൾ ആരോപിച്ചു. വിഷയങ്ങൾ പഠിക്കുവാൻ സർക്കാർ ശ്രമിക്കുന്നുമില്ല. ഇതുമൂലം ഓരോ ദിവസവും കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
ബസുകൾ കുത്തനെ കുറഞ്ഞു
വർഷങ്ങൾക്ക് മുൻപ് 32.000 സ്വകാര്യ ബസുകളുടെ സ്ഥാനത്ത് ഇന്ന് 7200 ബസുകളായി കുറഞ്ഞു.
വലിയ ഒരു ബസ് നിരത്തിലിറക്കണമെങ്കിൽ 42 മുതൽ 45 ലക്ഷം രൂപ വരെ വേണം. ഇൻഷുറൻസും, നികുതിയിതര ചിലവുകളും കൂടി കൂട്ടിയാലിത് 50 ലക്ഷത്തിലേറെ വരുമെന്നും, ഇത്രയും തുക മുടക്കി നഷ്ട കച്ചവടം ഏറ്റെടുക്കേണ്ടെന്നാണ് ബസുടമകളുടെ നിലപാട്. വർദ്ധിച്ചു വരുന്ന വാഹന ബാഹുല്യം മൂലമുണ്ടാകുന്ന ഗതാഗത കുരുക്കും ഇതു മൂലമുള്ള ഇന്ധന നഷ്ടവും ട്രിപ്പ് നഷ്ടവുമെല്ലാം ഈ മേഖലയെ ശരശയ്യയിലാക്കിയെന്നും ബസുടമകൾ പറയുന്നു.
50 ലക്ഷം മുടക്കി ബസ് നിരത്തിലിറക്കിയാൽ മുടക്കു മുതൽ പോലും തിരിച്ചു പിടിക്കാൻ സാധിക്കുന്നില്ല.
പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |