കോഴിക്കോട്: രാഷ്ട്രീയ പാർട്ടികളുടെ നേതൃനിരയിൽ സ്ത്രീകളുടെ സാന്നിദ്ധ്യം ശക്തമാകണമെന്ന് ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ. ആര് മത്സരിക്കണമെന്നതിനെക്കുറിച്ച് പാർട്ടി ഘടകങ്ങളിൽ തീരുമാനിക്കുന്നതിന് സ്ത്രീകളുടെ ശബ്ദം ശക്തമായാൽ മാത്രമേ സാധിക്കൂവെന്നും എങ്കിൽ മാത്രമേ നിയമനിർമാണ സഭകളിൽ സ്ത്രീകളുടെ തുല്യപ്രാതിനിധ്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ ഫലം കാണുകയുള്ളുവെന്നും അവർ പറഞ്ഞു. തുല്യ പ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് കൈരളിശ്രീ തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തിൽ നടന്ന സ്ത്രീവോട്ടവകാശ സമരപ്പോരാളി എമിലി ഡേവിസൺ രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനി രാജ.
കൂടുതൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുകയെന്ന ജനാധിപത്യപരമായ ആവശ്യം രാഷ്ട്രീയപാർട്ടികൾ അംഗീകരിക്കണം. അതിനുവേണ്ടിയുള്ള ശബ്ദം എല്ലാറ്റിനും മാതൃകയായ കേരളത്തിൽ നിന്നുതന്നെ ശക്തമായി ഉയരണം. കാരിരുമ്പിന്റെ കാഠിന്യത്തോടെ നിൽക്കുന്ന പുരുഷാധിപത്യത്തെ ഒറ്റയടിക്ക് ഇളക്കുക എളുപ്പമല്ലെന്ന് തിരിച്ചറിയണം. ഇന്ത്യയിലെ സ്ത്രീകളെ നിയമനിർമാണ വേദികളിൽ നിന്നകറ്റി നിർത്തുകയെന്ന പുരുഷാധിപത്യരീതി തന്നെയാണ് വനിതാ സംവരണബിൽ പാസാക്കിയതിന് ശേഷവും നിലനിൽക്കുന്നത്. സ്ത്രീകൾക്ക് തുല്യനീതിയെന്ന അവബോധം ഉണ്ടായതുകൊണ്ടല്ല, മറിച്ച് സുപ്രീം കോടതിയുടെ ഇടപെടൽ കൊണ്ടാണ് സംഘപരിവാർ ഫാസിസ്റ്റ് സർക്കാർ ബിൽ കൊണ്ടുവന്നത്. സ്ത്രീകളുടെ രണ്ടുകാലിലും ചങ്ങലയിട്ടുകൊണ്ടാണ് വനിതാസംവരണം പ്രഖ്യാപിച്ചത്. മണ്ഡല പുനർനിർണയവും സെൻസസുമെല്ലാം ഉപാധികളാക്കുമ്പോൾ വനിതാസംവരണം എന്ന് നടപ്പിലാകുമെന്ന് അറിയില്ല. ലോക് സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സ്ത്രീകളെ മത്സരിപ്പിച്ചത് തൃണമൂൽ കോൺഗ്രസും ബിജു ജനതാദളുമാണ്. ഇതാകണം മറ്റ് പാർട്ടികൾ മാതൃകയാക്കേണ്ടതെന്നും അവർ പറഞ്ഞു.
ചടങ്ങിൽ ഡോ. മാളവിക ബിന്നി എമിലി ഡേവിസൺ അനുസ്മരണ പ്രഭാഷണം നടത്തി. എം.സുൽഫത്ത് സ്വാഗതം പറഞ്ഞു. പ്രൊഫ. കുസുമം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ അജിത, ഡോ. കെ എസ് മാധവൻ, കെ.ഇ.എൻ കുഞ്ഞഹമ്മദ്, ഡോ. പി ഗീത, വൈഗ സുബ്രഹ്മണ്യൻ, ഗ്രോ വാസു തുടങ്ങിയവർ പ്രസംഗിച്ചു. അമ്മിണി കെ വയനാട് നന്ദി പറഞ്ഞു. ബ്രിട്ടനിലെ വോട്ടവകാശസമരചരിത്രം വ്യക്തമാക്കുന്ന സഫ്രജേറ്റ് സിനിമ പ്രദർശനവും നടന്നു. നിയമനിർമ്മാണ സഭകളിൽ സ്ത്രീകളുടെ തുല്യ പ്രാതിനിധ്യത്തിനു വേണ്ടി കേരളത്തിൽ രൂപം കൊണ്ട സംഘടനയാണ് തുല്യ പ്രാതിനിധ്യ പ്രസ്ഥാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |