പനമരം: നാല് കൊമ്പന്മാരുടെ വിളയാട്ടത്തിനാണ് പനമരം ചങ്ങാടക്കടവ് സാക്ഷ്യം വഹിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ആറുമണിയോടെ ചെങ്ങാടക്കടവിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലാണ് കാട്ടാനകളെ കണ്ടത്. ആനകൾ കൂടുതൽ ജനവാസമേഖലയിലേക്ക് നീങ്ങിയതോടെ അധികൃതരുടെ നെഞ്ചിടിപ്പും വർദ്ധിച്ചു. പനമരം ടൗണിൽ നിന്നും ഒരു കിലോമീറ്റർ അകലെ വരെ ആനകൾ എത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരെപോലും അടുപ്പിക്കാതെ കരുത്തുകാട്ടി കാട്ടാനകൾ നിലയുറപ്പിച്ചതോടെ ജനവാസമേഖലയിൽ നിന്നും തുരത്താൻ ഏറെ സമയമെടുത്തു.
തുടർച്ചയായി അഞ്ചാം തവണയാണ് പനമരം മേഖലയിൽ പട്ടാപ്പകൽ കാട്ടാന ഇറങ്ങുന്നത്. കൊറ്റില്ലത്തിന് സമീപത്തെ പനമരം പുഴയുടെ അരികിലായി മണിക്കൂറുകളോളം ആനക്കൂട്ടം നിലയുറപ്പിച്ചു. പാതിരി നോർത്ത് വനമേഖലയിൽ നിന്നുമാണ് കാട്ടാനകൾ ജനവാസമേഖലയിൽ എത്തിയത്. ജനങ്ങൾ തിങ്ങി താമസിക്കുന്ന ചങ്ങാടക്കടവ് പരക്കുനി മേഖലയിലൂടെയാണ് കാട്ടാനകൾ പനമരം ടൗണിനടുത്ത് വരെ എത്തിയത്. പൊലീസും വനംവകുപ്പിനെ സഹായിക്കാൻ എത്തിയിരുന്നു. കാട്ടാന ജനവാസമേഖലയിൽ ഇറങ്ങിയതിനാൽ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അനൗൺസ്‌മെന്റ് നടത്തി നാട്ടുകാർക്കും മുന്നറിയിപ്പ് നൽകി.
രാവിലെ 11 മണിയോടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയശേഷം ആനകളെ ഓടിക്കാനായിരുന്നു ആദ്യ നീക്കം. എന്നാൽ വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ ആനക്കൂട്ടത്തെ കാണാനായി തടിച്ചുകൂടിയതോടെ ആദ്യ ദൗത്യം ഉപേക്ഷിച്ചു. ഉച്ചയ്ക്കുശേഷം സ്‌കൂൾ വിടുന്നതിനാൽ തന്നെ അഞ്ചരയ്ക്ക് ശേഷമാണ് രണ്ടാം ദൗത്യം ആരംഭിച്ചത്. മൂന്ന് സംഘങ്ങളായാണ് വനംവകുപ്പ് ആർ.ആർ.ടി ആന ദൗത്യത്തിൽ ഏർപ്പെട്ടത്. കൊമ്പന്മാർ ആയതിനാൽ തന്നെ ആനകളെ ഓടിക്കുന്നത് ഏറെ ശ്രമകരമായിരുന്നു. പലവട്ടം വകുപ്പ് ഉദ്യോഗസ്ഥർക്ക്‌നേരെ ആനക്കൂട്ടം പാഞ്ഞടുത്തു. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് ആനകളെ ഓടിച്ചത്. എന്നാൽ കാടുകയറാതെ ആനക്കൂട്ടം ദൗത്യസംഘത്തെ വട്ടം കറക്കി.
പൂർണമായും വനമേഖലയിലേക്ക് ഓടിച്ചു കയറ്റാൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇതേ ആനക്കൂട്ടം മുമ്പ് പലവട്ടം ജനവാസമേഖലയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞതവണ കൊമ്പന്മാരോടൊപ്പം രണ്ടു പിടിയാനയും ഒരു കുട്ടിയാനയും ഉണ്ടായിരുന്നു. ആനക്കൂട്ടം വ്യാപക കൃഷി നാശവും വരുത്തുന്നുണ്ട്. പാതിരി വനമേഖലയിൽ പ്രതിരോധ സംവിധാനം ഫലപ്രദമായി സ്ഥാപിക്കാത്തതാണ് ആനക്കൂട്ടം കാടിറങ്ങാൻ കാരണമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |