കോഴിക്കോട്: നഗരമദ്ധ്യത്തിൽ യാത്രക്കാരിയെ ആക്രമിച്ച് മാല കവർന്ന കേസിലെ ഓട്ടോഡ്രൈവർ പിടിയിൽ. കുണ്ടായിതോട് കുളത്തറമ്മൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (50)നെയാണ് ടൗൺ ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴയിലെ മകന്റെ വീട്ടിൽ നിന്ന് ട്രെയിനിൽ കോഴിക്കോട്ടെത്തിയ വയനാട് പുൽപ്പള്ളി സ്വദേശിനി ജോസഫീനയുടെ രണ്ട് പവനോളം വരുന്ന മാലയാണ് കവർന്നത്. എം.സി .സി ബാങ്ക് പരിസരത്ത് നിന്ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് ഓട്ടോയിൽ കയറിയ വൃദ്ധയെ വഴി തെറ്റിച്ച് ചിന്താ വളപ്പ്, പാവമണി റോഡ് വഴി മുതലക്കുളം ഭാഗത്ത് എത്തിച്ച ശേഷം മാല പിടിച്ചു പറിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ ഓട്ടോയിൽ നിന്ന് തള്ളിയിടുകയുമായിരുന്നു. താടിയെല്ലിന് പരിക്കേറ്റതിനാൽ ആശുപത്രിയിൽ ചികിത്സ തേടി.
ടൗൺ പൊലീസിന് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തി വരികയാണ് പ്രതി ഇന്നലെ പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങളും നഗരത്തിൽ രാത്രി ഓടുന്ന എൽ.പി.ജി ഓട്ടോകളെ പരിശോധിച്ചുമാണ് പ്രതിയെ പിടികൂടിയതെന്ന് ജില്ല പൊലീസ് മേധാവി രാജ്പാൽ മീണ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജോസഫീനയുടെ മാല തിരിച്ചു പിടിക്കാൻ പൊലീസ് അന്വേഷണം തുടരുകയാണ്.
സ്ഥിര മദ്യപാനിയാണെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെടുന്ന ആളായതിനാൽ കുറ്റം നിഷേധിച്ചപ്പോൾ പൊലീസ് സംശയിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാൾക്കെതിരെ നേരത്തെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
രേഖകളില്ലാതെ ഓടുന്ന
ഓട്ടോകൾക്കെതിരെ
കർശന നടപടി
രേഖകളില്ലാതെ ഓടുന്ന ഓട്ടോകളെ കുറിച്ച് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി രാജ്പാൽ മീണ പറഞ്ഞു. ലഹരി വസ്തുക്കൾ ഉപയോഗിച്ച് ഓട്ടോ സ്റ്റാൻഡിൽ കയറ്റാതെ കറങ്ങി യാത്രക്കാരെ കയറ്റി കൂടുതൽ പണം അവശ്യപ്പെട്ടിട്ടുള്ള പരാതികളും പൊലീസിന് ലഭിക്കുന്നുണ്ട്. ഇവർക്കെതിരെയും നടപടി ശക്തമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |