സുൽത്താൻ ബത്തേരി: പൂക്കൈത പൂക്കുന്ന പാടങ്ങളിൽ എന്ന പാട്ട് വളരെ അർത്ഥവത്തായിരുന്നെങ്കിൽ ഇതിൽ പറയുന്ന പൂക്കൈതയെ ഒരു പാടവരമ്പിലും കാണാനേയില്ല.തോട്ടിറമ്പുകളിലും വയലോരങ്ങളിലും സുലഭമായി കണ്ടിരുന്ന പൂക്കൈതകളാണ് ഇന്ന് അപൂർവകാഴ്ചയായി മാറിയിരിക്കുന്നത്.ജലസംരക്ഷണത്തിന്റെ പ്രകൃതിദത്ത ഉപാധികളാണ് കൂട്ടമായി കാണുന്ന കൈതകൾ. ഏത് കൊടുംവേനലിലും കൈതകളുള്ള കൊല്ലികളിൽ നീരുറവ കാണുമായിരുന്നു. ധാരാളം വെള്ളം സംഭരിക്കാനും അവ ശുദ്ധീകരിച്ച് പുറത്തേക്ക് വിടാനും കഴിവുള്ള ചെടിയായിരുന്നു കൈത. എന്നാൽ ഇവ ഇല്ലാതായതോടുകൂടി ചെറിയൊരു വെയിലുദിച്ചാൽപോലുംതോടുകൾ വറ്റി വരണ്ടുണങ്ങുകയാണ്.
വർഷങ്ങൾക്കു മുമ്പ് ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിച്ചാൽ തോട്ടിറമ്പുകളിലും വയലോരങ്ങളിലും പൂക്കൈതക്കൂട്ടങ്ങൾ കാണാമായിരുന്നു. പക്ഷെ ഇപ്പോൾ ഈ ചെടി തന്നെ അന്യമാകുന്ന കാഴ്ചയാണ്. കൈതച്ചെടികൾ വളർന്നുനിൽക്കുന്ന തോടുകളിൽ വേനൽക്കാലങ്ങൾ അടക്കം ജലലഭ്യത യഥേഷ്ടമുണ്ടായിരുന്നു. കൂടാതെ കൈതച്ചെടികൾ നിറഞ്ഞു നിന്നിരുന്നതോടുകളിലെ ജലം വളരെ തെളിമയുള്ളതും ശുദ്ധവുമായിരുന്നു. വയലോരങ്ങളിൽ അടക്കം കൈതച്ചെടികൾ ഉള്ളതിനാൽ വയലുകളിലും വെള്ളം സുലഭമായി ലഭിച്ചിരുന്നു. കൈതോല കൊണ്ട് പണ്ടുകാലങ്ങളിലുള്ളവർ തഴപ്പായ ഉണ്ടാക്കാനും ഗോത്ര വിഭാഗത്തിലെ മുതിർന്ന സ്ത്രീകൾ കാതുകളിൽ ഇടാനായി ചുറ്റുണ്ടാക്കാനും ഉപയോഗിച്ചിരുന്നു. പക്ഷേ കൈതച്ചെടികൾ ഇല്ലാതായതോടുകൂടി ഇവയെല്ലാം വെറും ഓർമ്മ മാത്രമായി മാറിയിരിക്കുകയാണ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |