നാം ധരിക്കുന്ന വസ്ത്രങ്ങളിൽ കാലത്തിന്റെ
കൈയൊപ്പ് പതിച്ച തയ്യൽ തൊഴിലാളികൾക്കൊപ്പം
കോഴിക്കോട്: 'പണ്ട് ഓരോ സീസണിലും രാവും പകലും നിന്നു തിരിയാൻ പറ്റാത്ത തിരക്കായിരിക്കും. ഇപ്പോ കടയിൽ ഒരു പണിയൂല്ലാതെ വെറുതെയിരിപ്പാന്നേ. ഇഷ്ടുള്ള തുണി വാങ്ങി തയ്പ്പിക്കുന്ന കൊറച്ചാളുള്ളതിനാൽ മെഷീൻ തുരുമ്പിക്കാതെ ഒപ്പിച്ചുപോന്ന്.... 23 വർഷമായി ബാലുശ്ശേരി എകരൂലിൽ തയ്യൽക്കട നടത്തുന്ന രാജൻ കെ.ടി യുടെ നിരാശ നിറഞ്ഞ വാക്കുകൾ. 'ഓനടിച്ചാലെ ഞമ്മക്ക് ശരിയാവൂ... വേറെല്ലാരും അടിച്ചാല് ഒന്നിങ്കിൽ കോളറ് ശരിയാവൂല അല്ലെങ്കില് ലൂസായിക്കും എന്നുപറഞ്ഞ് അളേം പീട്യേം നോക്കി വരുന്നോരുണ്ടായി രുന്നു, തെരക്കാന്ന് പറഞ്ഞാലും നിനക്ക് കൂടുമ്പം തന്നാമതി എന്നുംപറഞ്ഞ് പോകും. നേരംനോക്കാതെയായിരുന്നു അന്നൊക്കെ പണി. ഉച്ചക്കത്തെ ചോറ് പോലും മൂന്നുമണിക്കും നാലുമണിക്കും തിന്ന ദിവസണ്ട്. അതെല്ലം ഒരു കാലം.. ഇപ്പോ നാടുമുഴുവൻ റെഡീമേഡല്ലേ... യൂണിഫോം അടിക്കാൻപോലും ആളില്ലാത്ത സ്ഥിതിയാ.. സ്വകാര്യ സ്കൂളിലെല്ലാം കുട്ട്യള് ചേരുമ്പോ തന്നെ യൂണിഫോമി ന്റെ അളവും വാങ്ങും. എല്ലാം ക്വട്ടേഷൻ കൊടുക്ക്വാ.. തുണിയെടുത്ത് അടിച്ചാലെ ശരിയാവൂ എന്നുള്ള കൊറച്ചാൾക്കാരുണ്ട്. അവരെക്കൊണ്ടിങ്ങനെ നീങ്ങിപ്പോന്ന്... ചെലപ്പോ ആഘോഷല്ലാം വരുമ്പോ ചെറിയ ഓർഡറ് കിട്ടും അതെന്നെ ആശ്വാസം...
പ്രതാപ കാലം
ആഘോഷങ്ങളടുക്കുമ്പോഴും അദ്ധ്യയനവർഷാരംഭത്തിലും തയ്യൽ മെഷീനുകൾക്ക് വിശ്രമമില്ലാത്ത ഒരുകാലമുണ്ടായിരുന്നു. പാതിരാവിലും അരണ്ട വെളിച്ചത്തിൽ തയ്യൽക്കാരന്റെ കാലിന്റെ വേഗത്തിനൊപ്പം മെഷീൻ ചക്രം തിരിഞ്ഞുകൊണ്ടേയിരുന്ന കാലം. ഒരു കടയിൽ നാലും അഞ്ചും തൊഴിലാളികൾ വിശ്രമമില്ലാതെ ചെയ്താലും തീരാത്തത്ര ജോലി. ചോദിക്കുന്ന തിയതിക്ക് തയ്ച്ചുകൊടുക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളതിനാൽ പലരെയും തിരിച്ചയക്കുന്ന കാഴ്ച. അടുത്ത ആഘോഷത്തിന് സമയത്തിന് കിട്ടാൻ നേരത്തെ തുണി ഏൽപ്പിക്കുന്നവർ... അങ്ങനെ എന്തെല്ലാം, എന്തെല്ലാം. കാലം മാറി, തയ്യൽ ചക്രത്തിന്റെ വേഗവും കുറഞ്ഞു. തുണിയുമായെത്തുന്നവരുടെ വരവ് കുറഞ്ഞതോടെ തൊഴിലാളികളുടെ ജീവിതവും കീഴ്മേൽ മറിഞ്ഞു. തയ്ച്ച വസ്ത്രങ്ങൾ വാങ്ങാൻ തിരക്ക് കൂട്ടുന്നവരും വിശ്രമമില്ലാതെ ജോലി ചെയ്യുന്നതും ഓർമയായി. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വരവോടെ പലയിടത്തും തയ്യൽക്കടകൾ തന്നെ അപ്രത്യക്ഷമായി. സീസണുകളെല്ലാം കെെവിട്ടതോടെ ജീവിതവഴിയിൽ പകച്ചുനിൽക്കുന്നവരുടെ കൂട്ടത്തിൽ തയ്യൽ തൊഴിലാളികളുമുണ്ട്.
കൂടുമാറി കൂടുതേടി
അഞ്ചും പത്തും തൊഴിലാളികൾ ഉള്ളതായിരുന്നു ഒരുകാലത്ത് മിക്ക തയ്യൽക്കടകളും. പണി കുറഞ്ഞതോടെ ചെലവിനുള്ള പൈസപോലും കിട്ടാതെ, കടകൾക്ക് വാടക കൊടുക്കാനാകാതെ പലരും പുതിയ തൊഴിൽ തേടി പോയി. കേരളത്തിൽ എട്ട് ലക്ഷത്തിലധികം പേരുണ്ട് തയ്യൽ തൊഴിലാളി ക്ഷേമ നിധിയിൽ. അതിൽ 5 ലക്ഷത്തോളം മാത്രമാണ് ഇപ്പോൾ ജോലിയെടുക്കുന്നത്. ഇവരിൽ പലരും ജോലി കുറഞ്ഞതോടെ വാടകയും വൈദ്യുതി ബില്ലും അടയ്ക്കാനാകാതെ നേട്ടോട്ടത്തിലാണ്. സീസണുകളിൽ കിട്ടുന്ന ഓർഡറുകളിലാണ് പലരും പിടിച്ചുനിൽക്കുന്നത്. കഴിഞ്ഞ ഓണം സീസണിൽ സർക്കാർ വയനാട് ദുരന്തത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കിയത് തയ്യൽത്തൊഴിലാളികൾക്ക് വലിയ തിരിച്ചടിയായിരുന്നു. സർക്കാർ ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കാത്തതും ഇവരുടെ പ്രതിസന്ധി കൂട്ടുകയാണ്.
ആവശ്യങ്ങൾ
1. തയ്യൽ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കണം.
2. പെൻഷൻ ആനുകൂല്യം കൃത്യമായി നൽകണം.
3. പ്രസവാനുകൂല്യം ഒരുമിച്ചു വിതരണം ചെയ്യണം.
4. അവശതാ പെൻഷൻ, റിട്ടയർമെന്റ് പെൻഷൻ വർദ്ധിപ്പിക്കണം.
' ജോലി നഷ്ടമായിക്കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് പെൻഷനെങ്കിലും കൃത്യ സമയത്തിന് ലഭിക്കണം. ആവശ്യങ്ങൾ നേടിയെടുക്കാൻ സമരത്തിനൊരുങ്ങുകയാണ്''- കെ.എൻ ദേവരാജൻ, ജനറൽ സെക്രട്ടറി
കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |