കോഴിക്കോട്: നവരാത്രി മഹോത്സവം പൂർത്തിയായി വിജയദശമിക്കൊരുങ്ങി ക്ഷേത്രങ്ങൾ. കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തിൽ പ്രഥമ മുതൽ നവമി വരെയുള്ള ഒമ്പത് ദിവസങ്ങളിൽ ദേവിയെ ആരാധിച്ച് പ്രത്യേക പൂജകൾ നടത്തിയാണ് നവരാത്രി ആഘോഷം. ഒമ്പത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒമ്പത് രൂപങ്ങളെയാണ് ആരാധിച്ചു പോരുന്നത്. വിജയ ദശമി നാളിലെ വിദ്യാരംഭത്തോടെ നവരാത്രി ആഘോഷങ്ങൾ സമാപിക്കും. അക്ഷരങ്ങളെ മനസിൽ ഭക്തിയോടെ ചേർത്തു വച്ച് വിദ്യാർത്ഥികളടക്കമുള്ളവർ തങ്ങളുടെ പുസ്തകങ്ങൾ പൂജയ്ക്കു വച്ചു. മിക്ക ക്ഷേത്രങ്ങളിലും പൂജ നടത്തുന്നുണ്ട്. ഇന്നലെ അഷ്ടമി തുടങ്ങിയിരുന്നു. ഇന്ന് മഹാനവമി ദിനത്തിൽ ആയുധ പൂജ നടക്കും. ഞായറാഴ്ച വിജയദശമി ദിനത്തിൽ രാവിലെ നടക്കുന്ന പൂജയോടെ പുസ്തകങ്ങൾ തിരിച്ചെടുക്കും. രാവിലെ മുതൽ വിദ്യാരംഭവും നടക്കും. മിക്ക ക്ഷേത്രങ്ങളിലും 10 ദിവസത്തെ പൂജാ പരിപാടികളാണ് നടക്കുന്നത്. ക്ഷേത്രങ്ങളിലെല്ലാം ഇന്നലെ മുതൽ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളായ ശ്രീകണ്ഠേശ്വരക്ഷേത്രം,തിരുത്തിയാട് അഴകൊടി ദേവി മഹാക്ഷേത്രം, തളി മഹാക്ഷേത്രം,വളയനാട് ദേവീക്ഷേത്രം, തളി മഹാഗണപതി ബാലസുബ്രഹ്മണ്യക്ഷേത്രം, നാരകത്ത് ഭഗവതിക്ഷേത്രം ,കടുങ്ങോഞ്ചിറ മഹാഗണപതി ക്ഷേത്രം, കൊല്ലം പിഷാരികാവ് ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ഭക്തജനങ്ങൾക്കായി വിപുലമായ സൗകരങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ശാസ്ത്രീയ സംഗീത കച്ചേരി, നൃത്തനൃത്യങ്ങൾ എന്നിവയും പലയിടത്തും നടന്നുവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |