തിരുവമ്പാടി: പൊന്നാങ്കയം ചീവീട്മുക്ക് പേണ്ടാനത്ത് പടി പ്രദേശത്ത് കാട്ടാന ആക്രമണത്തിൽ വ്യാപക കൃഷി നാശം.
തിരുവമ്പാടി പൊന്നാങ്കയം ചീവീട്മുക്ക് പേണ്ടാനത്ത്പടി പ്രദേശത്ത് മാത്തുക്കുട്ടി, പുളിക്കൽ ഓമന കപ്പടക്കൽ, തങ്കച്ചൻ കിഴക്കേ കുടിയിൽ എന്നീ കർഷകരുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടാന കായ്ഫലമുള്ള തെങ്ങ്, വാഴ, ഇഞ്ചി തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. ജനവാസ മേഖലയിലേക്ക് കാട്ടാന തുടർച്ചയായി ഇറങ്ങുന്നതിൽ മലയോരവാസികൾ ആശങ്കാകുലരാണ്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് ജനവാസ മേഖലയിൽ കാട്ടാന എത്തിയപ്പോൾ പ്രദേശവാസികളാകെ ഭീതിയിലായി.
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെ വിവരമറിയിച്ച് ശാശ്വത പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന് സ്ഥലം സന്ദർശിച്ച തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ പറഞ്ഞു. വന്യമൃഗങ്ങളെ പേടിച്ച് കർഷകർക്ക് കൃഷി ചെയ്യാനോ രാത്രിയായാൽ സ്വന്തം വീടിന്റെ മുറ്റത്തിറങ്ങാൻപോലും പറ്റാത്ത അവസ്ഥയാണന്നും വന്യമൃഗങ്ങൾ കാട്ടിൽ നിന്നും ജനവാസ മേഖലയിലേക്ക് വരാതിരിക്കാനുള്ള പ്രതിരോധ നടപടികൾ വനം വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും മനുഷ്യജീവന് ഭീഷണിയായിട്ടുള്ള ഏത് വന്യമൃഗമാണങ്കിലും അതിനെ വെടിവച്ച് കൊല്ലാൻ സർക്കാർ തലത്തിലുള്ള നടപടിയുണ്ടാകണമെന്നും കൃഷി നാശം സംഭവിച്ചവർക്ക് ഉടൻ നഷ്ട പരിഹാര തുക ലഭ്യമാക്കണമെന്നും കോൺഗ്രസ് നേതാക്കളായ റ്റി.ജെ കുര്യാച്ചൻ, ഷിജു ചെമ്പനാനി, സോണി മണ്ഡപത്തിൽ, പുരുഷൻ നെല്ലിമൂട്ടിൽ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |