വൈത്തിരി : താമരശ്ശേരി ചുരത്തിലെ യാത്രാദുരിതത്തിന് പരിഹാരമില്ല. ചുരത്തിൽ ശനി ,ഞായർ ദിവസങ്ങളിൽ മണിക്കൂറുകളോളം ഗതാഗതതടസം നേരിട്ടു. ശനിയാഴ്ചയാണ് കൂടുതൽ കുരുക്ക് അനുഭവപ്പെട്ടത്. വിവിധ വളവുകളിലായി വാഹനങ്ങൾ കുടുങ്ങിയതോടെ യാത്രക്കാർ ചുരത്തിൽ കുടുങ്ങി. ശനിയാഴ്ച രാവിലെ എട്ടരയോടെ ആദ്യം ഏഴാം വളവിലാണ് ലോറി കുടുങ്ങിയത്. ഒരുവിധത്തിൽ തകരാർ പരിഹരിച്ച് നീക്കം ചെയ്തപ്പോഴേക്കും ആറാം വളവിൽ മറ്റൊരു ചരക്കുലോറി കുടുങ്ങി. ഇതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. പിന്നീട് താമരശ്ശേരി ചുരത്തിൽ കണ്ടത് വാഹനങ്ങളുടെ നീണ്ടനിര. ഇതിനിടയിൽ ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ കൂടി സംഭവിച്ചതോടെ യാത്രക്കാർ ശരിക്കും വളഞ്ഞു.
പൊലീസും ചുരം സംരക്ഷണ സമിതി ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളും ഗതാഗതം നിയന്ത്രിച്ചു. വീതി കുറഞ്ഞ 7, 8 വളവുകളിലാണ് കൂടുതൽ വാഹനങ്ങൾ കുടുങ്ങുന്നത്. ഇവിടെ രാവിലെ മുതൽ തന്നെ പൊലീസ് നിലയുറപ്പിച്ചിരുന്നു.
പല വാഹനങ്ങളും വളവ് കയറുന്നതിനിടെ തകരാറിലാവുകയാണ്. ചുരത്തിലേക്ക് ഗതാഗതതടസം ഒഴിവാക്കുന്നതിനായി കോഴിക്കോട് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ ഒന്നും ഫലം കാണുന്നില്ല. ഭാരവാഹനങ്ങൾ ഉൾപ്പെടെ സമയ ക്രമീകരണം പാലിക്കാതെ ചുരത്തിലൂടെ കടന്നുപോവുകയാണ്.
അത്യാസന്ന നിലയിലുള്ള രോഗികളുമായിപോകുന്ന ആംബുലൻസുകൾ ഉൾപ്പെടെ ഗതാഗതക്കുരുക്കിൽ അകപ്പെടുന്ന കാഴ്ചയാണ് കാണാനുള്ളത്. ചുരം ബൈപ്പാസ് അടക്കമുള്ള റോഡുകൾ എത്രയുംവേഗം യാഥാർത്ഥ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |