കോഴിക്കോട്: പുതിയ വേഗവും ഉയരവും കുറിക്കാൻ താരങ്ങൾ റെഡി. ഇന്നു മുതൽ മൂന്ന് നാൾ കോഴിക്കോടിന്റെ മെെതാനത്ത് കൗമാരപ്പോരാട്ടത്തിന്റെ തീപ്പൊരി പാറും. ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കമാവും. രാവിലെ 8 മണിക്ക് ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂളിലെ പരേതനായ കായികാദ്ധ്യാപകൻ വള്ളിയോട് പി.അലിയുടെ വസതിയിൽ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം മെഡി. കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ എത്തുന്നത്തോടെ മത്സരങ്ങൾക്ക് തുടക്കമാവും. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ പതാക ഉയർത്തും.പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.രേഖ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.23 ന് നടക്കുന്ന സമാപന സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 17 ഉപജില്ലകളിൽനിന്ന് 3500 കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളുമാണ് കായികമേളയ്ക്കായി എത്തുന്നത്. ആറു വിഭാഗങ്ങളിലായി 102 മത്സര ഇനങ്ങളാണ് നടത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |